ഹാര്‍ദിക് പാണ്ഡ്യ
ഹാര്‍ദിക് പാണ്ഡ്യ പുറത്ത്, ഇന്ത്യക്ക് തിരിച്ചടിയായേക്കുമോ?
ലോകകപ്പില്‍ ഇന്ത്യ നടത്തുന്ന തുടര്‍ജയങ്ങള്‍ക്ക് തിരിച്ചടിയായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്ക്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് പാണ്ഡ്യയുടെ കണങ്കാലിന് പരുക്ക് പറ്റിയത്. പരുക്കില്‍ നിന്ന് മുക്തനായി ഹാര്‍ദിക് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് മനേജ്മെന്റും ആരാധകരുമുള്‍പ്പെടെ കരുതിയിരുന്നത്. എന്നാല്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്ന ഹാര്‍ദിക്കിന്റെ പരുക്ക് ഭേദമാവാത്തതോടെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ താരത്തിന് ലോകകപ്പ് നഷ്ടമായത്. ഹാര്‍ദിക് പുറത്തായതിന് ശേഷമുള്ള മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചുവെങ്കിലും വരാനിരിക്കുന്ന സെമിയിലുള്‍പ്പെടെ ഹാര്‍ദിക് ഇല്ലാത്തത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്.
പ്ലേയിങ്ങ് ഇലവനില്‍ മാറ്റമുണ്ടായേക്കില്ല
പാണ്ഡ്യ പരുക്കേറ്റ് പുറത്തായതിന് ശേഷം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ഇറങ്ങിയ ഇലവന്‍ തന്നെയായിരിക്കും തുടര്‍ന്നുളള മത്സരങ്ങളിലും ഇന്ത്യയ്ക്കായി ഇറങ്ങുക. ഹാര്‍ദിക് പുറത്തായതോടെയാണ് മുഹമ്മദ് ഷമി ടീമിലുള്‍പ്പെടുന്നത്. അതോടൊപ്പം ബാറ്റിംഗ് ഡെപ്ത് ബാലന്‍സ് ചെയ്യുന്നതിനായി ശാര്‍ദൂലിനെ പുറത്തിരുത്തി സൂര്യകുമാര്‍ യാദവിനെ ഇലവനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രസിദ് കൃഷ്ണ ടീമിലെത്തും
ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെ വലം കൈയ്യന്‍ പേസര്‍ പ്രസിദ് കൃഷ്ണയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 17 ഏകദിന മത്സരങ്ങളും രണ്ട് ട്വന്റി-20 യും പ്രസിദ് കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 29 വിക്കറ്റുകളും ട്വന്റി-20 യില്‍ നാല് വിക്കറ്റുകളും വീഴ്ത്തിയ പ്രസിദ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ്.