REPRESENTATIONAL IMAGE: WIKI COMMONS
വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍
വയനാട്ടില്‍ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എന്നീ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലക്കിടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
ഒരാഴ്ചയ്ക്കിടെ 2 മരണം
കഴിഞ്ഞ ശനിയാഴ്ചയാണ് പടമല പനച്ചിയില്‍ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്. പടമലഭാഗത്ത് രാവിലെ ഇറങ്ങിയ ആന വീടിന്റെ മതില്‍ തകര്‍ത്തുവന്നാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൃത്യം ഒരാഴ്ചയ്ക്കിപ്പുറം വെള്ളച്ചാലില്‍ വനംവകുപ്പിന്റെ കുറുവ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഗൈഡ് വാച്ചര്‍ പോളിനെ കാട്ടാന ചവിട്ടിക്കൊന്നു. ഈ രണ്ടുവിഷയങ്ങളും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബേലൂര്‍ മഖ്ന ഇരുമ്പുപാലം കോളനിക്കടുത്ത്; ജാഗ്രതാനിര്‍ദേശം
വയനാട്ടില്‍ ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്‌ന ജനവാസ മേഖലയായ ഇരുമ്പുപാലം കോളനിക്കടുത്ത് എത്തി. രാത്രിയില്‍ ആന കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്ന് ഇരുമ്പുപാലത്തെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗത്യസംഘത്തിന് ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല.
മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയ ഉള്‍പ്പെട്ട ദൗത്യസംഘം മയക്കുവെടി വെയ്ക്കാനായി വനത്തിനുള്ളില്‍ കടന്നു. ഇന്നലെയാണു അരുണ്‍ സക്കറിയ ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നത്.
വനംമന്ത്രി എ കെ ശശീന്ദ്രന് എതിരെ ടി സിദ്ദിഖ് എംഎല്‍എ
വനംമന്ത്രി വയനാടിന്റെ വികാരം മനസ്സിലാക്കുന്നില്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തണമെന്നും വനംമന്ത്രിയെ പുറത്താക്കണം അല്ലെങ്കില്‍ വയനാടിന്റെ ചുമതലയില്‍നിന്ന് മാറ്റണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.