എസ്പി വരുണ്‍ സിംഗ്ല | PHOTO: PTI
ഹരിയാന കലാപം; നൂഹ് എസ്പിയെ സ്ഥലംമാറ്റി
ഹരിയാനയിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് നൂഹ് എസ്പി വരുണ്‍ സിംഗ്ലയെ സ്ഥലം മാറ്റി. വരുണ്‍ സിംഗ്ലയെ ഭിവാനിയിലേക്ക് മാറ്റുകയും നൂഹില്‍ എസ്പിയായി നരേന്ദ്ര ബിജാര്‍ജിനിയെ നിയോഗിക്കുകയും ചെയ്തു. നൂഹില്‍ സംഘര്‍ഷം നടക്കുമ്പോള്‍ വരുണ്‍ സിംഗ്ല അവധിയിലായിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ പല്‍വാല്‍ എസ്പി ലോകേന്ദ്ര സിംഗാണ് നൂഹിന്റെ ചുമതല ഏറ്റെടുത്തത്. സംഘര്‍ഷത്തെ തുടര്‍ന്ന് 93 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 176 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതി ശാന്തമാണെന്നാണ് പൊലീസ് പറയുന്നത്.
കലാപത്തില്‍ കൊല്ലപ്പെട്ടത് ആറുപേര്‍
ആറുപേരാണ് ഹരിയാനയില്‍ നടന്ന കലാപത്തില്‍ കൊലപ്പെട്ടത്. മുസ്ലീം പള്ളികള്‍ക്ക് അക്രമസംഘം തീവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് വെള്ളിയാഴ്ച നമസ്‌കാരം വീടുകളില്‍ നടത്താന്‍ ഗുരുഗ്രാം ജംഇയ്യത്തുല്‍ ഉലമ വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കി. നൂഹില്‍ ബുധനാഴ്ച രാത്രി 11. 30 ഓടെയാണ് പള്ളിക്ക് കലാപകാരികള്‍ തീവെച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയത്തിന്റെ ഫലമാണ് ഹരിയാനയിലെ സംഭവം എന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. 'ഹരിയാനയില്‍ സമാധാനം തകര്‍ന്നിരിക്കുകയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന രാഷ്ട്രീയം കാരണമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാധാനം തകര്‍ന്നിരിക്കുന്നത്. ഈ സാഹചര്യം ലജ്ജാകരവും അപലപനീയവുമാണ്' എന്ന് പ്രിയങ്ക പ്രതികരിച്ചു.
റാലി കലാശിച്ചത് കലാപത്തില്‍
ബജ്റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ നടന്ന റാലിക്കിടെ ഉണ്ടായ ആക്രമണമാണ് ഹരിയാനയില്‍ വര്‍ഗീയ കലാപത്തിലേക്ക് വഴിവച്ചത്.
തുടര്‍ന്ന് പ്രചരിച്ച ദൃശ്യങ്ങളാണ് സംഘര്‍ഷം വ്യാപിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചമുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടു. ഘോഷയാത്രയുടെ ഭാഗമായി എതിര്‍ സമുദായത്തെ വെല്ലുവിളിച്ച് വിഎച്ച്പി പ്രവര്‍ത്തകന്‍ സമൂഹ മാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും സംഘര്‍ഷത്തിലേക്ക് നയിച്ച മറ്റൊരു കാരണമാണ്.
ഗുരുഗ്രാമിലെ സിവില്‍ ലൈനില്‍ നിന്ന് ആരംഭിച്ച വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര ബിജെപി ജില്ലാ പ്രസിഡന്റ് ഗാര്‍ഗി കക്കര്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്തത്. യാത്ര നൂഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം എത്തിയതും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.