REPRESENTATIONAL IMAGE
ഹരിയാന കലാപം ആസൂത്രിതം; പൊളിക്കല്‍ നടപടികള്‍ തുടരുന്നു
ഹരിയാനയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃത നിര്‍മാണങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചു നീക്കി. കലാപമുണ്ടായ നൂഹില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവിലാണ് നിരവധി കെട്ടിടങ്ങളും കുടിലുകളും പൊളിച്ചു നീക്കിയത്. ഷഹീദ് ഹാസന്‍ ഖാന്‍ മേവാത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു സമീപത്തെ കടകളാണ് പൊളിച്ചു നീക്കിയത്.
കനത്ത പോലീസ് സന്നാഹങ്ങള്‍ക്കിടെയാണ് പൊളിക്കല്‍ നടപടികള്‍. കഴിഞ്ഞദിവസം പ്രദേശത്ത് അനധികൃത കുടിയേറ്റക്കാരുടെ കയ്യേറ്റവും നശിപ്പിച്ചിരുന്നു. ഹരിയാന അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പൊളിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. നല്‍ഹാര്‍ ക്ഷേത്രത്തിനു സമീപത്തെ അനധികൃത കയ്യേറ്റങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കിയിരുന്നു.
കലാപം ആസൂത്രിതം
കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ആവശ്യമെങ്കില്‍ ഇനിയും ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നും ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞു. കലാപത്തിന്റെ ഭാഗമായവരെ ഉടന്‍ അറസ്റ്റ് ചെയ്യും. ക്ഷേത്രത്തിനടുത്തുള്ള കുന്നുകളില്‍ നിന്ന് വെടിവയ്പും കല്ലേറും നടക്കുന്നു. അവരുടെ കയ്യില്‍ ആയുധങ്ങളുമുണ്ട്. ഒരു പദ്ധതിയുമില്ലാതെ എങ്ങനെയാണ് ഇവര്‍ക്ക് ആക്രമണം നടത്താന്‍ കഴിയുന്നത് എന്നും മന്ത്രി പറഞ്ഞു. നൂഹ് ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ശക്തമായ നടപടിയുണ്ടാകും. ആവശ്യമെങ്കില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 202 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതില്‍ 80 പേര്‍ തടങ്കലിലാണ്. 102 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നൂഹ് എസ്പിയെ സ്ഥലംമാറ്റി
ഹരിയാനയിലെ വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് നൂഹ് എസ്പി വരുണ്‍ സിംഗ്ലയെ സ്ഥലംമാറ്റി. വരുണ്‍ സിംഗ്ലയെ ഭിവാനിയിലേക്ക് മാറ്റുകയും നൂഹില്‍ എസ്പിയായി നരേന്ദ്ര ബിജാര്‍ജിനിയെ നിയോഗിക്കുകയും ചെയ്തു. നൂഹില്‍ സംഘര്‍ഷം നടക്കുമ്പോള്‍ വരുണ്‍ സിംഗ്ല അവധിയിലായിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ പല്‍വാല്‍ എസ്പി ലോകേന്ദ്ര സിംഗാണ് നൂഹിന്റെ ചുമതല ഏറ്റെടുത്തത്. സംഘര്‍ഷത്തെത്തുടര്‍ന്ന് 93 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 176 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതി ശാന്തമാണെന്നാണ് പോലീസ് പറയുന്നത്.
റാലി കലാശിച്ചത് കലാപത്തില്‍
ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ നടന്ന റാലിക്കിടെ ഉണ്ടായ ആക്രമണമാണ് ഹരിയാനയില്‍ വര്‍ഗീയ കലാപത്തിലേക്ക് വഴിവച്ചത്.
തുടര്‍ന്ന് പ്രചരിച്ച ദൃശ്യങ്ങളാണ് സംഘര്‍ഷം വ്യാപിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചമുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടു. ഘോഷയാത്രയുടെ ഭാഗമായി എതിര്‍ സമുദായത്തെ വെല്ലുവിളിച്ച് വിഎച്ച്പി പ്രവര്‍ത്തകന്‍ സമൂഹ മാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും സംഘര്‍ഷത്തിലേക്ക് നയിച്ച മറ്റൊരു കാരണമാണ്.
ഗുരുഗ്രാമിലെ സിവില്‍ ലൈനില്‍ നിന്ന് ആരംഭിച്ച വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര ബിജെപി ജില്ലാ പ്രസിഡന്റ് ഗാര്‍ഗി കക്കര്‍ ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. യാത്ര നൂഹ് ജില്ലയിലെ ഖേദ്ല മോഡിന് സമീപം എത്തിയതും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.