.jpg)
ഹരിയാന തിരഞ്ഞെടുപ്പ്; ജൂലാന മണ്ഡലത്തിൽ വിജയിച്ച് വിനേഷ് ഫോഗട്ട്
ഹരിയാന തിരഞ്ഞെടുപ്പിൽ മുൻ ഒളിമ്പ്യൻ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ഹരിയാനയിലെ ജൂലാന നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു. 6000ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേണ്ടി മത്സരിച്ച വിനേഷ് ഫോഗട്ട് വിജയിച്ചത്. 2005നു ശേഷം ആദ്യമായാണ് ജൂലാന മണ്ഡലത്തിൽ നിന്ന് ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്നത്.
“ഓരോ പെൺകുട്ടിയുടേതുമാണ് ഈ പോരാട്ടം, പോരാട്ടത്തിന്റെ പാത തിരഞ്ഞെടുക്കുന്ന ഓരോ സ്ത്രീയുടേയമാണ് ഈ പോരാട്ടം. ഇത് സത്യത്തിന്റെയും സമരത്തിന്റെയും വിജയം. ഈ രാജ്യം തനിക്ക് നൽകിയിട്ടുള്ള സ്നേഹവും വിശ്വാസവും ഞാൻ കാത്തുസൂക്ഷിക്കും.” തിരഞ്ഞെടുപ്പ് വിജയം ശേഷം വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
2024 പാരീസ് ഒളിംപിക്സ് 50 കിലോ ഗുസ്തി വിഭാഗത്തിൽ മത്സരിച്ച വിനേഷ് ഫോഗട്ട്, ഫൈനലിന് മുന്നേ ഭാരക്കൂടുതൽ രേഖപ്പെടുത്തിയതിനാൽ മത്സരത്തിൽ നിന്നും അയോഗ്യയാക്കപ്പെട്ടിരുന്നു. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ തനിക്ക് ഒരു രീതിയിലുമുള്ള പിന്തുണ നൽകിയിരുന്നില്ലെന്നും, അസോസിയേഷന്റെ പ്രസിഡന്റ് തന്നെ കാണാൻ വന്നപ്പോൾ കൂടെ നിന്നെടുത്ത ഫോട്ടോ താൻ അറിയാതെ എടുത്തതായിരുന്നുവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. പിന്നീട് വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട്, ഹരിയാന തിരഞ്ഞെടുപ്പിന് മുന്നേയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നത്.
ഭാരതീയ ജനത പാർട്ടി അംഗവും, ആറ് തവണ പാർലമെന്റംഗവുമായി തിരഞ്ഞെടുക്കപ്പെട്ട, ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ അഴിമതിയും ലൈംഗികാരോപണവുമുന്നയിച്ച് ഗുസ്തിതാരങ്ങളായ ബജ്രംഗ് പൂനിയയും, സാക്ഷി മാലിക്കും, വിനേഷ് ഫോഗട്ടും കൂടാതെ മറ്റു ഗുസ്തി താരങ്ങളും സമരം ചെയ്തിരുന്നു.