TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഹരിയാന കലാപം: ഇന്റര്‍നെറ്റ് നിരോധനം 11 വരെ നീട്ടി

09 Aug 2023   |   2 min Read
TMJ News Desk

രിയാന വംശീയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 11 വരെ നീട്ടി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. നൂഹിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ ഭരണകൂടത്തിന് പിഴവ് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. 

'കാര്യങ്ങള്‍ മുഴുവനായും ശരിയായി വിലയിരുത്താന്‍ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. ജൂലൈ 22 മുതല്‍ നൂഹ് എസ്പി അവധിയിലായിരുന്നു, അധിക ചുമതലയുള്ളയാള്‍ക്കും മറ്റു ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല' എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നൂഹിലെ പൊളിക്കലിനെതിരെ കോടതി

കലാപത്തിനു പിന്നാലെ ഹരിയാനയിലെ ഗുരുഗ്രാമിലും നൂഹിലും കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയതിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ക്രമസമാധാനത്തിന്റെ മറവില്‍ പ്രത്യേക സമുദായത്തിന്റെ കെട്ടിടങ്ങള്‍ മാത്രം പൊളിക്കുന്നതെന്തുകൊണ്ടാണെന്നും, സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വംശീയ ഉന്മൂലനമാണോ നടത്തുന്നതെന്നും കോടതി ചോദിച്ചു. 

മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് എത്ര കെട്ടിടങ്ങള്‍ പൊളിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നൂഹിലെ പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 

കലാപം ആസൂത്രിതം

കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും ആവശ്യമെങ്കില്‍ ഇനിയും ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ മടിക്കില്ലെന്നുമാണ് കഴിഞ്ഞ ദിവസം ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് പറഞ്ഞത്. കലാപത്തിന്റെ ഭാഗമായവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ക്ഷേത്രത്തിനടുത്തുള്ള കുന്നുകളില്‍ നിന്നാണ് വെടിവയ്പും കല്ലേറും നടക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നു. ഒരു പദ്ധതിയുമില്ലാതെ എങ്ങനെയാണ് ഇവര്‍ക്ക് ആക്രമണം നടത്താന്‍ കഴിയുന്നത് എന്നും മന്ത്രി പറഞ്ഞിരുന്നു. നൂഹ് ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും ശക്തമായ നടപടിയുണ്ടാകുമെന്നും ആവശ്യമെങ്കില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. 

റാലി കലാശിച്ചത് കലാപത്തില്‍

ബജ്റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതൃത്വത്തില്‍ ഗുരുഗ്രാം അല്‍വാര്‍ ദേശീയപാതയില്‍ നടന്ന റാലിക്കിടെ ഉണ്ടായ ആക്രമണമാണ് ഹരിയാനയില്‍ വര്‍ഗീയ കലാപത്തിലേക്ക് വഴിവച്ചത്.

തുടര്‍ന്ന് പ്രചരിച്ച ദൃശ്യങ്ങളാണ് സംഘര്‍ഷം വ്യാപിപ്പിച്ചത്. ഘോഷയാത്രയുടെ ഭാഗമായി എതിര്‍ സമുദായത്തെ വെല്ലുവിളിച്ച് വിഎച്ച്പി പ്രവര്‍ത്തകന്‍ സമൂഹ മാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും സംഘര്‍ഷത്തിലേക്ക് നയിച്ച മറ്റൊരു കാരണമായി പറയപ്പെടുന്നു.

ഗുരുഗ്രാമിലെ സിവില്‍ ലൈനില്‍ നിന്ന് ആരംഭിച്ച വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര ബിജെപി ജില്ലാ പ്രസിഡന്റ് ഗാര്‍ഗി കക്കര്‍ ആണ് ഫ്ളാഗ് ഓഫ് ചെയ്തത്. യാത്ര നൂഹ് ജില്ലയിലെ ഖേദ്‌ല മോഡിന് സമീപം എത്തിയതും സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.


#Daily
Leave a comment