
ഹരിയാന ഈദ് ഉല്‍ ഫിത്തര്‍ അവധി ഒഴിവാക്കി
ഹരിയാനയില്‍ ഈദ് ഉല്‍ ഫിത്തറിന്റെ ഗസറ്റഡ് അവധി പദവി ഒഴിവാക്കി. പകരം നിയന്ത്രിത അവധിയാക്കി മാറ്റി. ഗസറ്റഡ് അവധി ദിനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവധി ലഭിക്കും. എന്നാല്‍ നിയന്ത്രിത അവധിയില്‍ ജീവനക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അവധിയെടുക്കാം. അന്നത്തെ ദിവസത്തെ ശമ്പളം ലഭിക്കും.
2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന തിയതിയില്‍ ഈദ് വരുന്നത് കൊണ്ടാണ് അവധി എടുത്തുമാറ്റിയതെന്ന് ഹരിയാന സര്‍ക്കാരിന്റെ മനുഷ്യ വിഭവശേഷി വകുപ്പ് പറഞ്ഞു.
ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ മനസ്സിലിരുപ്പ് വെളിവായിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവും നൂഹ് എംഎല്‍എയുമായ അഫ്താബ് അഹമ്മദ് പറഞ്ഞു.
ഈദ് നിയന്ത്രിത അവധിയാക്കിയതിനെ ഒരു വിഷയമാക്കേണ്ടതില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ നിലപാട്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം തുടര്‍ച്ചയായി മൂന്ന് അവധികള്‍ വരുന്നത് ആദ്യമായിട്ടാണെന്നും അതിനാലാണ് ഈദ് ദിനത്തെ നിയന്ത്രിത അവധിയായി പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അവധിയെടുക്കാന്‍ നിയന്ത്രണങ്ങള്‍ ഇല്ലെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും സൈനി പറഞ്ഞു.