TMJ
searchnav-menu
post-thumbnail

TMJ Daily

ബ്രിട്ടനിൽ മത-വംശീയ വിദ്വേഷ കുറ്റകൃത്യങ്ങൾ വർധിക്കുന്നു

23 Oct 2024   |   2 min Read
TMJ News Desk

ബ്രിട്ടനിൽ മത വംശീയ വെറികളെ അടിസ്ഥാനമാക്കിയുള്ള വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു. 2023 ഒക്ടോബറിനും 2024 സെപ്റ്റംബറിനുമിടയിൽ മുസ്ലീം ജനവിഭാഗങ്ങൾക്ക് എതിരായ വിദ്വേഷവുമായി ബന്ധപ്പെട്ട് 4,971 സംഭവങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ മോണിറ്ററിംഗ് ഗ്രൂപ്പായ ടെൽ മാമ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആരാധനാലയ സംരക്ഷണ പദ്ധതി പ്രകാരം മസ്‌ജിദുകളുടെ സംരക്ഷണത്തിന്  റെക്കോർഡ് തുക നല്കാൻ സർക്കാർ നിർബന്ധിതമായി. പള്ളികളുടെ സംരക്ഷണത്തിന് 3 മില്യൺ പൗണ്ട് ഏപ്രിൽ 2022 മുതൽ ഏപ്രിൽ 2023 വരെയുള്ള കാലയളവിൽ സർക്കാർ അനുവദിച്ചു. 2016 മുതൽ 2017 വരെയുള്ള കാലയളവിൽ ഇത് 73,000 പൗണ്ട് മാത്രമായിരുന്നു.

ഇസ്ലാമോഫോബിയ കാരണമുള്ള വിദ്വേഷ കുറ്റകൃത്യങ്ങളാണ് പള്ളികളെ സംരക്ഷിക്കുന്നതിനായി കൂടുതൽ തുക ചെലവഴിക്കാനായുള്ള കാരണം. സുരക്ഷ ലഭിക്കുന്നതിനുള്ള അപേക്ഷകളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. 2016-ൽ 36 ആയിരുന്നത് 2023 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെ 304 ആയി. ഇതിൽ എത്രയെണ്ണത്തിന് അംഗീകാരം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

സർക്കാർ നടപടിയെ ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലീം സംഘടനയായ മുസ്ലീം കൗൺസിൽ ഓഫ് ബ്രിട്ടൻ സ്വാഗതം ചെയ്തു. എന്നാൽ,  ഈ പദ്ധതി ഒക്ടോബർ ഏഴിന് ശേഷം യുകെയിലുണ്ടായ ഇസ്ലാമോഫോബിയ സംഭവങ്ങളുടെ വർദ്ധനവ് കാരണം നേരിടുന്ന വെല്ലുവിളിയുടെ യഥാർത്ഥ സ്ഥിതി കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നു എന്ന് അവർ പറഞ്ഞു.

304 പള്ളികളും, അനുബന്ധ മുസ്ലീം വിശ്വാസ സ്ഥാപനങ്ങളിലും സുരക്ഷാ സഹായം ലഭിക്കുന്നതിനായി അപേക്ഷ 2023 ലാണ് നൽകിയത്. രണ്ടായിരത്തിലധികം പള്ളികളും പ്രാർത്ഥനാ മുറികളും ബ്രിട്ടനിൽ ഉള്ളതായി muslimsinbritain.org എന്ന വെബ്സൈറ്റ് പറയുന്നു.

ബ്രിട്ടനിലെ മുസ്ലീം സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2023-ൽ പള്ളികൾക്കും വിശ്വാസ സ്‌കൂളുകൾക്കുമായി (മദ്രസ) 29.4 മില്യൺ പൗണ്ട് വിലമതിക്കുന്ന പദ്ധതി രൂപീകരിച്ചു. 2016 ൽ തന്നെ ആരാധനാലയങ്ങൾക്കായി സംരക്ഷണ സുരക്ഷാ പദ്ധതി ആരംഭിച്ചിരുന്നു.

2023 ൽ ജൂത സമൂഹത്തെ സംരക്ഷിക്കുന്നതിനായി 18 മില്യൺ പൗണ്ട് സെക്യൂരിറ്റി ഫണ്ടിംഗിനായി അനുവദിച്ചിരുന്നു. 2015 ൽ തന്നെ ജൂത സമൂഹത്തെ സഹായിക്കുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി സർക്കാർ രൂപീകരിച്ചിരുന്നു. ഓരോ വിശ്വാസവും ഉപയോഗിക്കുന്ന കമ്മ്യൂണിറ്റി സൈറ്റുകളുടെ എണ്ണം അനുസരിച്ചാണ് ഫണ്ടിങ് സംബന്ധിച്ച തുക നിശ്ചയിക്കുന്നതെന്ന് യുകെ സർക്കാർ വ്യക്തമാക്കി.

സൗത്ത്പോർട്ടിലെ ഡാൻസ് സ്കൂളിൽ ഈ വർഷം ജൂലൈ 29 ന് നടന്ന കത്തി ആക്രമണത്തിനു ശേഷം, യുകെയിൽ മുസ്ലിം പള്ളികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങൾ വർധിച്ചിരുന്നു. കത്തി ആക്രമണത്തിൽ കുറ്റവാളി ഒരു മുസ്ലീം അഭയാർത്ഥിയാണെന്ന് പ്രചരിച്ച വ്യാജ വാർത്ത കാരണം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങൾ കൂടുകയായിരുന്നു. തൽഫലമായി മുസ്ലീം സമുദായങ്ങൾക്ക് അധിക സുരക്ഷയും പിന്തുണയും നൽകുന്നതിന് ആഭ്യന്തര വകുപ്പ് ഒരു അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.

എല്ലാ സമൂഹവും സുരക്ഷിതമാണെന്ന് തോന്നുന്നത് പരമപ്രധാനമാണ്, പ്രത്യേകിച്ച് ആരാധനാലയങ്ങളിൽ. അതുകൊണ്ടാണ് ഞങ്ങൾ മസ്ജിദുകൾക്ക് സംരക്ഷണ പദ്ധതി കൊണ്ടുവന്നതെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ഗാർഡിയൻ ദിനപത്രത്തോട് പറഞ്ഞു.

ഓഗസ്റ്റില്‍ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ആരാധനാലയങ്ങൾക്കായി ദ്രുത സംരക്ഷണ സുരക്ഷാ പ്രതികരണ പദ്ധതി  കൊണ്ടുവന്നു. രാജ്യത്തുടനീളമുള്ള നൂറുകണക്കിന് മസ്ജിദുകൾക്ക് അധിക സുരക്ഷ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.



#Daily
Leave a comment