
മതവിദ്വേഷ പരാമര്‍ശക്കുറ്റം: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല
മതവിദ്വേഷ പരാമര്‍ശകേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ കോടതി ഈ മാസം 17 വരെ ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞിരുന്നു.
ജനുവരിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലാണ് പി സി ജോര്‍ജ് മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതേതുടര്‍ന്ന് പി സി ജോര്‍ജിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. എന്നാല്‍ തന്റെ പരാമര്‍ശം നാക്ക് പിഴയാണെന്നും ഉടന്‍തന്നെ മാപ്പ് പറഞ്ഞിരുന്നുവെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞു.
ജോര്‍ജിന്റെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
മതവിദ്വേഷം ഗുരുതരകുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഈ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കവേ പറഞ്ഞിരുന്നു.
മുസ്ലീം യൂത്ത് ലീഗ് നേതാവായ മുഹമ്മദ് ഷിഹാബ് നല്‍കിയ പരാതിയിലാണ് പൊലീസ് ജോര്‍ജിനെതിരെ കേസെടുത്തത്.
ഭാരതീയ ന്യായസംഹിതയിലെ വകുപ്പ് 196(1)(എ) അനുസരിച്ച് മതത്തിന്റെ പേരില്‍ വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ചതിനും വകുപ്പ് 299 അനുസരിച്ച് ബോധപൂര്‍വം മതവികാരം വ്രണപ്പെടുത്തിയതിനും ആണ് ജോര്‍ജിനെതിരെ കേസെടുത്തത്.
ജോര്‍ജ് സമാനമായ കേസുകളില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹനല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.