ഹത്രാസ് അപകടം; കേസിലെ മുഖ്യപ്രതി പ്രകാശ് മധുകര്‍ അറസ്റ്റില്‍
ഹത്രാസിലെ ഫുല്‍റായി ഗ്രാമത്തില്‍ മതപ്രഭാഷണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റില്‍. പരിപാടിയ്ക്ക് നേതൃത്വം നല്‍കിയ ഭോലെ ബാബയുടെ അനുയായികൂടിയായ ഇയാളെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പരിപാടിയുടെ സംഘാടകരായ ആറ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ യോഗത്തിന് നേതൃത്വം നല്‍കിയ സകാര്‍ വിശ്വഹരി ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്.
യഥാര്‍ത്ഥ പ്രതിയെ സംരക്ഷിക്കുന്നതായി ആരോപണം
ഹത്രാസ് ദുരന്തത്തിലേക്ക് നയിച്ച മതപ്രഭാഷണ പരിപാടിയ്ക്ക് നേതൃത്വം നല്‍കിയ ഭോലെ ബാബയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അനുയായികളെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കിതീര്‍ക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.
ആള്‍ക്കൂട്ടം ദുരന്തത്തിലേക്ക്
ദുരന്തത്തില്‍ മരിച്ച 121 പേരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ദ്വിവേദി അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭോലെ ബാബ എന്നും സകാര്‍ വിശ്വ ഹരിയെന്നും അറിയപ്പെടുന്ന നാരായണ്‍ സകാര്‍ ഹരി നടത്തിയ മതപ്രഭാഷണ പരിപാടിയാണ് ദുരന്തത്തില്‍ കലാശിച്ചത്. പരിപാടിക്ക് ശേഷം ഇയാളെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതോടെ അപകടം ഉണ്ടായി. സകാര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന ബാനറില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000 ത്തോളം ആളുകള്‍ എത്തിയിരുന്നു.
മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വേണ്ടത്ര ഡോക്ടര്‍മാരോ, ആംബുലന്‍സ്, ഓക്സിജന്‍ സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പരിപാടി നടന്നത്. എന്നാല്‍ ഹത്രാസിലെ സിക്കന്ദര്‍ റൗവിലെ പാടത്ത് നടന്ന പരിപാടിയില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ പങ്കെടുത്തുവെന്നാണ് വിവരം.