ഹത്രാസ് ദുരന്തം; പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ മതപ്രഭാഷണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിപാടിയില്‍ അനുവദിച്ചതിലും അധികം ആളുകളെ പങ്കെടുപ്പിച്ചുവെന്നും മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അശ്രദ്ധ ദുരന്തത്തിന് കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം പ്രാര്‍ത്ഥനാ ചടങ്ങിന് നേതൃത്വം നല്‍കിയ ഭോലെ ബാബയുടെ പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. ഭോലെ ബാബയുടെ അനുയായിയും സംഭവത്തിലെ മുഖ്യപ്രതിയുമായ ദേവ് പ്രകാശ് മധുകറിനെ ഡല്‍ഹിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ യോഗത്തിന് നേതൃത്വം നല്‍കിയ ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്.
യഥാര്‍ത്ഥ പ്രതിയെ സംരക്ഷിക്കുന്നതായി ആരോപണം
ഭോലെ ബാബയെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് പകരം അനുയായികളെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കിതീര്‍ക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.
ആള്‍ക്കൂട്ടം ദുരന്തത്തിലേക്ക്
ദുരന്തത്തില്‍ മരിച്ച 121 പേരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ഗൗരവ് ദ്വിവേദി അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഭോലെ ബാബ എന്നും സകാര്‍ വിശ്വ ഹരിയെന്നും അറിയപ്പെടുന്ന നാരായണ്‍ സകാര്‍ ഹരി നടത്തിയ മതപ്രഭാഷണ പരിപാടിയാണ് ദുരന്തത്തില്‍ കലാശിച്ചത്. പരിപാടിക്ക് ശേഷം ഇയാളെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതോടെ അപകടം ഉണ്ടായി. സകാര്‍ വിശ്വ ഹരി ഭോലെ ബാബ എന്ന ബാനറില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 15,000 ത്തോളം ആളുകള്‍ എത്തിയിരുന്നു.
മരണ സംഖ്യ ഉയരാന്‍ കാരണം ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതാണെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വേണ്ടത്ര ഡോക്ടര്‍മാരോ, ആംബുലന്‍സ്, ഓക്‌സിജന്‍ സൗകര്യങ്ങളോ ഇല്ലായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പരിപാടി നടന്നത്.