PHOTO: WIKI COMMONS
കാട്ടുതീയില്‍ എരിഞ്ഞ് ഹവായ് ദ്വീപ്; അമ്പതിലധികം മരണം
പടിഞ്ഞാറന്‍ അമേരിക്കയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് ദ്വീപ് സമൂഹത്തിലെ കാട്ടുതീയില്‍ അമ്പതിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചരിത്ര നഗരമായ ലഹായിനയിലാണു തീ പടര്‍ന്നുപിടിച്ചത്. ജീവന്‍ രക്ഷിക്കാന്‍ നിരവധിപേര്‍ പസഫിക് സമുദ്രത്തിലേക്ക് ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീവന്‍ രക്ഷിക്കാനായി കടലില്‍ ചാടിയ പലരെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.
നൂറുകണക്കിന് വീടുകളും റെസ്‌റ്റോറന്റുകളും അഗ്നിക്കിരയായതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ ഏറെയും തടികള്‍ കൊണ്ട് നിര്‍മിച്ചവയായിരുന്നു. തീപടര്‍ന്നതിനു പിന്നാലെ 11,000 ത്തിലധികം ടൂറിസ്റ്റുകളെ ദ്വീപില്‍ നിന്നും ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പതിനായിരത്തോളം പേര്‍ ദ്വീപില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ പല സ്ഥലങ്ങളും പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്. ആയിരം ഏക്കറോളം സ്ഥലമാണ് കാട്ടുതീയില്‍ എരിഞ്ഞടങ്ങിയത്.
സ്മാരകങ്ങളെല്ലാം ചാരമായി
ചൊവ്വാഴ്ച രാത്രിയാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. നഗരത്തിനു സമീപത്തായി വീശിയടിച്ച ചുഴലിക്കാറ്റ് കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. മൗവി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. കൂടാതെ, ബിഗ് ഐലന്‍ഡിലും വ്യാപക നാശനഷ്ടമുണ്ടായി. പുരാതന സ്മാരകങ്ങളടക്കം നിരവധി കെട്ടിടങ്ങളും ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു.
വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. നഗരത്തിലെ വിമാനത്താവളവും ആരാധനാലയങ്ങളും അഭയാര്‍ത്ഥി കേന്ദ്രങ്ങളായി മാറി. 1837 ല്‍ ഇന്ത്യയില്‍ നിന്നെത്തിച്ച് ഫ്രണ്ട് സ്ട്രീറ്റില്‍ നട്ടുപിടിപ്പിച്ച ചരിത്രപ്രസിദ്ധമായ അരയാല്‍ മരവും അഗ്നിക്കിരയായി. 60 അടി നീളമുള്ള ആല്‍മരം വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. പസഫിക് സമുദ്രത്തിലുള്ള ദ്വീപുകള്‍ വിനോദസഞ്ചാരികളുടെ പറുദീസയാണ്. 1700 ല്‍ സ്ഥാപിച്ചതാണ് ലഹായിന നഗരം.
രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
കാറ്റിന്റെ ശക്തി തീവ്രമായതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഡോറ കൊടുങ്കാറ്റിന്റെ സ്വാധീനത്താല്‍ തീ തെക്കന്‍ മേഖലകളിലേക്കും പടരുന്നുണ്ട്. 80 ശതമാനം തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. യുഎസ് നാവിക സേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 1961 ല്‍ 61 പേരുടെ മരണത്തിനിടയാക്കിയ സുനാമിക്കു ശേഷം ഹവായ് ദ്വീപിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇപ്പോഴത്തെ കാട്ടുതീ.
ദുരന്തരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ദുഃഖം രേഖപ്പെടുത്തി. ഒപ്പം കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി കാട്ടുതീയെ വന്‍ ദുരന്തമായും പ്രഖ്യാപിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.