PHOTO: WIKI COMMONS
നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി; ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍
നവകേരള സദസില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ക്ക് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി പറഞ്ഞു. കുട്ടികള്‍ നാടിന്റെ സമ്പത്താണെന്നും അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
നവകേരള സദസിന് അഭിവാദ്യമര്‍പ്പിക്കാന്‍ കുട്ടികളെ വെയിലത്ത് നിര്‍ത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് കോടതിയുടെ ഉത്തരവ്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ കുട്ടികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവ് തിങ്കളാഴ്ച പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടാതെ നവകേരള സദസിന് ആളുകളെ എത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവും പിന്‍വലിക്കും.
കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
നിലമ്പൂരില്‍ കുട്ടികളെ പങ്കെടുപ്പിച്ച് നവകേരള സദസിന്റെ വിളംബര ജാഥ നടത്തിയതില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭാ സെക്രട്ടറി, നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ ഇരുവരും ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
തലശ്ശേരിയില്‍ നിന്നും കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്ക് പോകുന്ന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ അഭിവാദ്യം ചെയ്യാനായിരുന്നു കുട്ടികളെ കഴിഞ്ഞദിവസം റോഡില്‍ ഇറക്കിനിര്‍ത്തിയത്. കുട്ടികള്‍ വെയിലത്ത് നില്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. വിവാദത്തെത്തുടര്‍ന്ന് കുട്ടികള്‍ തണലത്താണ് നിന്നതെന്നും മന്ത്രിമാരുടെ ബസിന് കൈകാണിക്കാന്‍ കുട്ടികളെ ഇറക്കിനിര്‍ത്തേണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കി.
നവകേരള സദസിലേക്ക് ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചുചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലായിരുന്നു നിര്‍ദേശം നല്‍കിയത്.