ആന്‍ സാന്‍ സൂകി | PHOTO: FACEBOOK
ഉഷ്ണതരംഗം ; ആന്‍ സാന്‍ സൂകിയെ വീട്ടുതടങ്കലിലേക്ക് മാറ്റി
മ്യാന്‍മറിലെ ജയിലില്‍ കഴിയുന്ന ജനകീയ നേതാവ് ആന്‍ സാന്‍ സൂകിയെ ഉഷ്ണതരംഗവും ആരോഗ്യപ്രശ്‌നങ്ങളും മൂലം വീട്ടുതടങ്കലിലേക്ക് മാറ്റി. കടുത്ത ചൂടിനെ തുടര്‍ന്ന് പ്രായമായവരെയും അവശരെയുമാണ് ജയിലില്‍ നിന്ന് മാറ്റിയതെന്ന് മ്യാന്‍മര്‍ സൈനിക മേധാവി ജനറല്‍ സോ മിന്‍ ടുന്‍ പറഞ്ഞു. ചൊവ്വാഴ്ച 39 ഡിഗ്രി സെല്‍ഷ്യസാണ് മ്യാന്‍മറിലെ നയ്പിഡോയില്‍ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉഷ്ണതരംഗം രൂക്ഷമായതിനാല്‍ മുന്‍കരുതലുകള്‍ ആവശ്യമുള്ള എല്ലാ തടവുകാര്‍ക്കും മതിയായ സംരക്ഷണം ഒരുക്കിയതായും സൈനിക മേധാവി പറഞ്ഞു. 2021 ല്‍ മ്യാന്‍മര്‍ സര്‍ക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കിയതോടെയാണ് 78 കാരിയായ ആന്‍ സാന്‍ സൂകിയെ തടവിലാക്കിയത്. കഴിഞ്ഞ 27 വര്‍ഷമായി അഴിമതി ഉള്‍പ്പെടെ വിവിധ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട് നയ്പിഡോയിലെ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.
സൂകിക്കൊപ്പം 72 കാരനായ മുന്‍ പ്രസിഡന്റ് വിന്‍ മൈന്റിനെയും ജയിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. 1988 ല്‍ പട്ടാള ഭരണകൂടത്തിനെതിരെ സൂകിക്കൊപ്പം നിന്ന് പോരാടിയ നേതാവായിരുന്നു വിന്‍ മൈന്റ്. മ്യാന്‍മറിലെ ബാഗോ മേഖലയിലെ തൗങ്കൂവില്‍ എട്ടുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു വിന്‍ മൈന്റ്. മോചിതരായ മറ്റു തടവുകാരെ എവിടേക്കാണ് മാറ്റുന്നതെന്ന് സോ മിന്‍ ടുണ്‍ വ്യക്തമാക്കിയില്ല.
2020 നവംബറിലെ പൊതു തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആന്‍ സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി 2021 ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റ് ചേരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് സൈനിക അട്ടിമറി ഉണ്ടായത്. തിരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേട് നടന്നെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ല. അട്ടിമറിക്ക് ശേഷം മൂന്ന് വര്‍ഷമായി, സായുധ പ്രതിരോധ പ്രസ്ഥാനമെന്ന നിലയില്‍ മ്യാന്‍മര്‍ സൈന്യം വെല്ലുവിളി നേരിടുന്നു. ലോകമെമ്പാടുമുള്ള പല ഗവണ്‍മെന്റുകളും ആന്‍ സാന്‍ സൂകിയെയും മറ്റ് ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്ന് സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു.