TMJ
searchnav-menu
post-thumbnail

Representational Image

TMJ Daily

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; മരണം 98 ആയി ഉയർന്നു

18 Jun 2023   |   2 min Read
TMJ News Desk

ഷ്ണതരംഗത്തിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർ മരിക്കുകയും 400 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബീഹാറിലും ഉത്തർപ്രദേശിലുമായി 98 പേരാണ് ഇതിനോടകം മരിച്ചത്. കടുത്ത ചൂടാകാം മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. കടുത്ത ഉഷ്ണതരംഗം വീശിയടിച്ച യുപിയുടെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രി വരെ ഉയർന്നു.

സമീപകാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഉയർന്ന ചൂടാണ് ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്നത്. കടുത്ത പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകൾ ചികിത്സ തേടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ ഭൂരിഭാഗവും 60 വയസിന് മുകളിൽ ഉള്ളവരാണ്. കടുത്ത ചൂട് താങ്ങാനാവാത്ത അവസ്ഥയിലാണ് പ്രദേശത്തെ ജനങ്ങൾ. ജില്ലയിൽ ജൂൺ 15ന് 23 മരങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 16ന് 20 പേരും, ഇന്നലെ പതിനൊന്ന് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തതെന്ന് ബാല്ലിയ ജില്ലാ ആശുപത്രി മെഡിക്കൽ ഇൻ-ചാർജ് എസ് കെ യാദവ് പറഞ്ഞു. 40ന് മുകളിലാണ് ബാല്ലിയയിലെ താപനില. ലഖ്‌നൗവിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പ്രദേശം സന്ദർശിക്കും.

അതേസമയം ജില്ലയിൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യമില്ലാത്തത് പലയിടത്തും തിരിച്ചടിയാകുന്നുണ്ട്. പല ആശുപത്രികളിലും സ്ട്രക്ച്ചർ ഇല്ലാതെ രോഗികളെ തോളിൽ ചുമന്നാണ് ചികിത്സക്കെത്തിക്കുന്നത്. ബിഹാറിൽ 24 മണിക്കൂറിനിടെ 44 പേരാണ് മരിച്ചത്. ഇതിൽ 35 പേർ പട്‌നയിൽ നിന്നുള്ളവരാണ്. ഒൻപത് പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. ജൂൺ 24 വരെ പട്‌നയിലെ സ്‌കൂളുകൾ എല്ലാം അടച്ചിരിക്കുകയാണ്. ചൂടു കൂടുന്ന സാഹചര്യത്തിൽ ശ്വാസകോശ രോഗികൾ, പ്രമേഹ രോഗികൾ, രക്തസമ്മർദമുള്ളവർ തുടങ്ങിയവരെല്ലാം പ്രത്യേക ജാഗ്രത പുലർത്തണമെന്നും അപകടസാധ്യത കൂടുതലായിരിക്കുമെന്നും അസംഗഡ് സർക്കിൾ അഡീഷണൽ ഹെൽത്ത് ഡയറക്ടർ ഡോ ബി പി തീവാരി മുന്നറിയിപ്പ് നല്കി.

സ്‌കൂളുകളിൽ വേനൽ അവധിക്കാലം നീട്ടി

കൊടുംചൂട് കണക്കിലെടുത്ത് സ്‌കൂളുകളിൽ വേനൽ അവധി ജൂൺ 30 വരെ നീട്ടാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചു. അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂളുകളിലെ കുട്ടികൾക്കാണ് പൂർണമായും അവധി നല്കിയിരിക്കുന്നത്. ആറ് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളോട് രാവിലെ ഷിഫ്റ്റിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് ദിവസത്തേക്ക് ഉഷ്ണതരംഗ സാധ്യത

വരുന്ന അഞ്ച് ദിവസങ്ങളിൽ വിദർഭയിലെയും ഛത്തീസ്ഗഢിലെയും പല പ്രദേശങ്ങളിലും കടുത്ത ചൂട് തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒഡീഷ, ജാർഖണ്ഡ്, തീരദേശ ആന്ധ്രാ പ്രദേശ്, യാനം, ബീഹാർ, പശ്ചിമ ബംഗാൾ, തെലങ്കാന, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ട്.




#Daily
Leave a comment