TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

ഉഷ്ണതരംഗം; ഇറ്റലിയിലെ 15 നഗരങ്ങളില്‍ റെഡ് അലേര്‍ട്ട്

15 Jul 2023   |   2 min Read
TMJ News Desk

ക്ഷിണ യൂറോപ്പില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ 15 നഗരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയരുന്ന താപനില മൂലം പലയിടങ്ങളില്‍ ആളുകള്‍ കുഴഞ്ഞുവീഴുന്നത് മുന്‍നിര്‍ത്തിയാണ് തീരുമാനം. റിപ്പോര്‍ട്ട് പ്രകാരം ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങളില്‍ അതിരൂക്ഷമായ ഉഷ്ണസാഹചര്യങ്ങള്‍ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ) വ്യക്തമാക്കുന്നു. 

ഇ.എസ്.എയുടെ കാലാവസ്ഥാ സാറ്റലൈറ്റുകള്‍ ഉപയോഗപ്പെടുത്തിയാണ് കരയിലെയും കടലിലെയും താപനില നിരീക്ഷിക്കുന്നത്. 2021 ഓഗസ്റ്റില്‍ ഇറ്റലിയിലെ സിസിലിയിലാണ് യൂറോപ്പിലെ ഏറ്റവും കൂടിയ താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 48.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന താപനില. വരും ആഴ്ചകളില്‍ ഉഷ്ണതരംഗം മൂലം റെക്കോര്‍ഡ് താപനിലയാണ് പ്രതീക്ഷിക്കുന്നത്. ആഗോള താപനത്തിന്റെ അനന്തരഫലമെന്നോണമാണ് കാലാവസ്ഥയില്‍ നിരന്തരമായി മാറ്റങ്ങളും ഉയര്‍ന്ന താപനിലയും രേഖപ്പെടുത്തുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ രാവിലെ പതിനൊന്നു മുതല്‍ വൈകുന്നേരം ആറുമണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും പ്രായമായവരും രോഗവസ്ഥയിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിദിനം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാനും നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യവും കാപ്പിയും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശക്തമായി കാറ്റുള്ള പ്രദേശങ്ങളില്‍ കാട്ടുതീ പടരാനുള്ള സാധ്യതയും രാജ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു. വരും ദിവസങ്ങളില്‍ റോം, ഫ്ളോറന്‍സ്, ബൊലോഗ്‌ന തുടങ്ങിയ ഇറ്റാലിയന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ഈ തീരുമാനം പ്രതികൂലമായി ബാധിച്ചേക്കാമെന്നും ആശങ്ക ഉയരുന്നുണ്ട്.

ഉഷ്ണതരംഗം യൂറോപ്പിനെ വിഴുങ്ങുന്നു

ഉഷ്ണതരംഗം രൂക്ഷമായ യൂറോപ്പില്‍ മരണനിരക്കും ക്രമാതീതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2022 മെയ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കനത്ത ചൂടിലും അനുബന്ധ രോഗങ്ങളിലുമായി 61,672 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2022 ല്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ജൂലൈ 18 മുതല്‍ 24 വരെയായിരുന്നു. ഇക്കാലയളവില്‍ 11,637 പേര്‍ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. യൂറോപ്പിന്റെ പല ഭാഗത്തും ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2022 ല്‍ അനുഭവപ്പെട്ടത്. ഏഷ്യയിലും യൂറോപ്പിലും ഓരോ വര്‍ഷവും ചൂട് ഉയരുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രത്തിലെ താപനില റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന ആശങ്കയും റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നു. 

വരാനിരിക്കുന്നത് ആശങ്കയുടെ നാളുകള്‍ 

2022 ലെ കിഴക്കന്‍ ആഫ്രിക്കയിലെ തുടര്‍ച്ചയായ വരള്‍ച്ചയും, ചൈനയിലും യൂറോപ്പിലും റെക്കോര്‍ഡുകള്‍ ഭേദിച്ച ഉഷ്ണതരംഗവും ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിച്ചു. ആഗോളതലത്തില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമായി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥൈയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നീ മൂന്ന് ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. ഇത് ലോകമെമ്പാടും വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ എന്നിവ ശക്തമാക്കും. ഇവ മനുഷ്യനെ നേരിട്ട് ബാധിക്കുകയും ചെയ്യും. വര്‍ധിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആഗോള ഭക്ഷ്യലഭ്യതയില്‍ വലിയ ക്ഷാമമുണ്ടാക്കുമെന്നും ഈ പ്രകൃതി ദുരന്തങ്ങളെ മറികടക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

കാലാവസ്ഥാ പ്രതിഭാസത്തിനു പിന്നില്‍ 

യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഉയരുന്നത്. വടക്കന്‍ യൂറോപ്പിനെക്കാള്‍ തെക്കന്‍ യൂറോപ്പിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. 200 വര്‍ഷത്തിനിടയില്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ ഉഷ്ണതരംഗം 2022 ല്‍ സ്‌പെയിനിലും ഉണ്ടായി. ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വേനല്‍ക്കാലത്തു പോലും ചൂട് 20 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് അപൂര്‍വമായി മാത്രം കടക്കുന്ന ബ്രിട്ടനിലും അയര്‍ലന്‍ഡിലുമെല്ലാം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താപനില ഉയരുകയാണ്. യൂറോപ്പില്‍ എല്ലായിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു താപനില രേഖപ്പെടുത്തിയത്. 

1880 കള്‍ക്കു ശേഷം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ പത്തു വര്‍ഷങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ ഉഷ്ണതരംഗവും ചൂട് വര്‍ധിക്കാന്‍ കാരണമായി. യൂറോപ്യന്‍ മേഖലയ്ക്ക് മുകളിലുള്ള ന്യൂനമര്‍ദം വടക്കേ ആഫ്രിക്കയില്‍ നിന്ന് ചൂടുള്ള വായു ആകര്‍ഷിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ അസാധാരണമായ ചൂടും ഉഷ്ണതരംഗത്തിന്റെ ആക്കം കൂട്ടുന്നു. മണ്ണില്‍ ഈര്‍പ്പം കുറവായതിനാല്‍ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതും താപനില ഉയരാന്‍ ഇടയാക്കുന്നു.


#Daily
Leave a comment