PHOTO: TWITTER
ചുട്ട് പൊള്ളി തെക്ക്-പടിഞ്ഞാറന്‍ യു.എസും
ഉഷ്ണതരംഗം മൂലം തെക്ക്-പടിഞ്ഞാറന്‍ യുഎസിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഇതിനോടകം യുഎസിലെ 38 നഗരങ്ങളിലെ താപനിലയില്‍ വ്യത്യാസം വന്നിട്ടുണ്ട്. അമേരിക്കന്‍ നഗരം ലാസ് വേഗസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനില 47.2 ഡിഗ്രി സെല്‍ഷ്യസാണ്. പക്ഷേ ഇത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭേദിക്കപ്പെടുമെന്നുള്ള സൂചനകളാണ് ലഭ്യമാകുന്നത്. അമേരിക്കയെ മാത്രമല്ല, ദക്ഷിണ യൂറോപ്പിനെയും കാനഡയെയും ഉഷ്ണതരംഗം കാര്യമായ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയെയാണ് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നത്.
മനുഷ്യ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ വളരെ തീവ്രമായിരിക്കുമെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയിലെ നാഷണല്‍ വെതര്‍ സര്‍വീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കാലിഫോര്‍ണിയയിലെ ഡെത്ത് വാലിയില്‍ താപനില 53.9 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി നില്‍ക്കുകയാണ്. ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ് അമേരിക്കയിലെ ഡെത്ത് വാലി. ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയര്‍ന്ന താപനില 56.7 ഡിഗ്രി സെല്‍ഷ്യസാണ്.
അനിയന്ത്രിതമായ ചൂട് മൂലം അമേരിക്കന്‍ നഗരങ്ങളിലെ തെരുവുകളില്‍ ജനസാന്ദ്രത വളരെ കുറവാണ്. ഭവനരഹിതരായ നിരവധിപേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ ചികിത്സയ്ക്കായി മൊബൈല്‍ ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കാലിഫോര്‍ണിയ, നെവാഡ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ പൊതു കെട്ടിടങ്ങള്‍ ശീതീകരണ കേന്ദ്രങ്ങളാക്കിയും മാറ്റിയിട്ടുണ്ട്. താപനിലയില്‍ സംഭവിച്ചിരിക്കുന്ന മാറ്റങ്ങള്‍ ഏകദേശം 110 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചേക്കാമെന്നാണ് വിവരം.
ടെക്സസിലെ എല്‍ പാസോ നഗരത്തില്‍ 38 ഡിഗ്രി സെല്‍ഷ്യസാണ് ഒരു മാസത്തിലേറെയായി രേഖപ്പെടുത്തിയിരിക്കുന്ന താപനില.
ചൂട് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവരോട് സുരക്ഷിതരായിരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധികം വൈകാതെ ഉഷ്ണതരംഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നീരിക്ഷകര്‍ വ്യക്തമാക്കുന്നു. വ്യാവസായിക യുഗം ആരംഭിച്ചതിന് ശേഷം ലോകതാപനില 1.1 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകത്താകമാനമുള്ള ഗവണ്‍മെന്റുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതി വിശേഷമായിരിക്കും സംജാതമാക്കുക.
ഉഷ്ണതരംഗം; ഇറ്റലിയിലെ 16 നഗരങ്ങളില്‍ റെഡ് അലേര്‍ട്ട്.
ദക്ഷിണ യൂറോപ്പില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ 16 നഗരങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉയരുന്ന താപനില മൂലം പലയിടങ്ങളില്‍ ആളുകള്‍ കുഴഞ്ഞ് വീഴുന്നത് മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമുണ്ടായത്. റിപ്പോര്‍ട്ട് പ്രകാരം ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങളില്‍ അതിരൂക്ഷമായ ഉഷ്ണസാഹചര്യങ്ങള്‍ ഉണ്ടായേക്കാമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇ.എസ്.എ) വ്യക്തമാക്കിയിരുന്നു. ഇ.എസ്.എയുടെ കാലാവസ്ഥ സാറ്റലൈറ്റുകള്‍ ഉപയോഗപ്പെടുത്തിയാണ് കരയിലെയും കടലിലെയും താപനില നീരിക്ഷിക്കുന്നത്. 2021 ഓഗസ്റ്റില്‍ ഇറ്റലിയിലെ സിസിലിയിലാണ് യൂറോപ്പിലെ ഏറ്റവും കൂടിയ താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 48.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു റിപ്പോര്‍ട്ട് ചെയ്ത ഉയര്‍ന്ന താപനില. വരും ആഴ്ചകളില്‍ ഉഷ്ണതരംഗം മൂലം റെക്കോര്‍ഡ് താപനിലയാണ് പ്രതീക്ഷിക്കുന്നത്. ആഗോള താപനത്തിന്റെ അനന്തരഫലമെന്നോണമാണ് കാലാവസ്ഥയില്‍ നിരന്തരമായി രൂപപ്പെടുന്ന മാറ്റങ്ങളും ഉയര്‍ന്ന താപനിലയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ രാവിലെ 11.00 മുതല്‍ വൈകുന്നേരം 6 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാനും പ്രായമായവരും രോഗവസ്ഥയിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിദിനം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാനും നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന മദ്യവും കാപ്പിയും ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ശക്തമായി കാറ്റുള്ള പ്രദേശങ്ങളില്‍ കാട്ടുതീ പടരാനുള്ള സാധ്യതയും രാജ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു.
ഉഷ്ണതരംഗം യൂറോപ്പിനെ വിഴുങ്ങുന്നു; 2022 ല്‍ മാത്രം 61,000 ത്തിലധികം മരണം
ഉഷ്ണതരംഗം രൂക്ഷമായ യൂറോപ്പില്‍ മരണനിരക്കും ക്രമാതീതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2022 മെയ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കനത്ത ചൂടിലും അനുബന്ധ രോഗങ്ങളിലുമായി 61,672 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റലി, ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2022 ല്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ജൂലൈ 18 മുതല്‍ 24 വരെയായിരുന്നു. ഇക്കാലയളവില്‍ 11,637 പേര്‍ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. യൂറോപ്പിന്റെ പല ഭാഗത്തും ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2022 ല്‍ അനുഭവപ്പെട്ടത്. ഏഷ്യയിലും യൂറോപ്പിലും ഓരോ വര്‍ഷവും ചൂട് ഉയരുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രത്തിലെ താപനില റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന ആശങ്കയും റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നു.
കാലാവസ്ഥാ പ്രതിഭാസത്തിനു പിന്നില്‍
യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഉയരുന്നത്. വടക്കന്‍ യൂറോപ്പിനെക്കാള്‍ തെക്കന്‍ യൂറോപ്പിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. 200 വര്‍ഷത്തിനിടയില്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ ഉഷ്ണതരംഗം 2022 ല്‍ സ്പെയിനിലും ഉണ്ടായി. ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വേനല്‍ക്കാലത്തു പോലും ചൂട് 20 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് അപൂര്‍വമായി മാത്രം കടക്കുന്ന ബ്രിട്ടനിലും അയര്‍ലന്‍ഡിലുമെല്ലാം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താപനില ഉയരുകയാണ്. യൂറോപ്പില്‍ എല്ലായിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു താപനില രേഖപ്പെടുത്തിയത്.
1880 കള്‍ക്കു ശേഷം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ പത്തു വര്‍ഷങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ ഉഷ്ണതരംഗവും ചൂട് വര്‍ധിക്കാന്‍ കാരണമായി. യൂറോപ്യന്‍ മേഖലയ്ക്ക് മുകളിലുള്ള ന്യൂനമര്‍ദം വടക്കേ ആഫ്രിക്കയില്‍ നിന്ന് ചൂടുള്ള വായു ആകര്‍ഷിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ അസാധാരണമായ ചൂടും ഉഷ്ണതരംഗത്തിന്റെ ആക്കം കൂട്ടുന്നു. മണ്ണില്‍ ഈര്‍പ്പം കുറവായതിനാല്‍ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതും താപനില ഉയരാന്‍ ഇടയാക്കുന്നു.