IMAGE | WIKI COMMONS
ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തം; ഡല്‍ഹിയില്‍ മരണനിരക്ക് കൂടുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം ശക്തമാകുന്നു. ജൂണ്‍ 11 മുതല്‍ 19 വരെ ഡല്‍ഹിയില്‍ ഭവനരഹിതരായി കഴിയുന്ന 192 പേര്‍ മരിച്ചതായി സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ഹീറ്റ് സ്‌ട്രോക്ക് കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം കൂടുകയാണ്. തുടര്‍ച്ചയായ 5 ദിവസം കൂടി ശക്തമായ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ മാസം 18 ന് പതിനൊന്ന് പേരെ ഹീറ്റ് സ്‌ട്രോക്ക് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ആര്‍എംഎല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അജയ് ശുക്ല പറഞ്ഞു. ഉഷ്ണതരംഗം ആരംഭിച്ചത് മുതല്‍ 45 ലധികം പേരെ ചൂട് സംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളാണ് മരിക്കുന്നവരില്‍ ഭൂരിഭാഗം പേരും.
ജലക്ഷാമം രൂക്ഷം
ഉഷ്ണതരംഗം ശക്തമായതോടെ ഡല്‍ഹിയില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലേക്ക് കൂടുതല്‍ വെള്ളം നല്‍കാന്‍ ഹിമാചല്‍പ്രദേശിനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂടാണ് മെയ് മാസത്തില്‍ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ശരാശരി താപനില രേഖപ്പെടുത്തിയത് 41.4 ഡിഗ്രിയായിരുന്നു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ശുദ്ധജലത്തിന്റെ ഉപഭോഗത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. കുടിവെള്ളം പാഴാക്കുന്നവരില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരില്‍ നിന്നും 2000 രൂപ പിഴയീടാക്കാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലെ പല മേഖലകളിലും ജലവിതരണം തടസപ്പെട്ടു. ജല ദൗര്‍ലഭ്യം വൈദ്യുതി ഉല്‍പാദനത്തെയും ബാധിച്ചിട്ടുണ്ട്.