PHOTO: TWITTER
ഉഷ്ണതരംഗം യൂറോപ്പിനെ വിഴുങ്ങുന്നു; 2022 ല്‍ മാത്രം 61,000 ത്തിലധികം മരണം
ഉഷ്ണതരംഗം രൂക്ഷമായ യൂറോപ്പില്‍ മരണനിരക്കും ക്രമാതീതമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 2022 മെയ് 30 മുതല്‍ സെപ്തംബര്‍ നാല് വരെ കനത്ത ചൂടിലും അനുബന്ധ രോഗങ്ങളിലുമായി 61,672 പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്. കണക്കുകള്‍ പ്രകാരം 2022 ല്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് ജൂലൈ 18 മുതല്‍ 24 വരെയായിരുന്നു. ഇക്കാലയളവില്‍ 11,637 പേര്‍ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്.
യൂറോപ്പിന്റെ പല ഭാഗത്തും ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് 2022 ല്‍ അനുഭവപ്പെട്ടത്. ഏഷ്യയിലും യൂറോപ്പിലും ഓരോ വര്‍ഷവും ചൂട് ഉയരുകയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഗോളതാപനത്തെ തുടര്‍ന്ന് സമുദ്രത്തിലെ താപനില റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്ന ആശങ്കയും റിപ്പോര്‍ട്ടുകള്‍ പങ്കുവയ്ക്കുന്നു.
വരാനിരിക്കുന്നത് ആശങ്കയുടെ നാളുകള്‍
2022 ലെ കിഴക്കന്‍ ആഫ്രിക്കയിലെ തുടര്‍ച്ചയായ വരള്‍ച്ചയും, ചൈനയിലും യൂറോപ്പിലും റെക്കോര്‍ഡുകള്‍ ഭേദിച്ച ഉഷ്ണതരംഗവും ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിച്ചു. ആഗോളതലത്തില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമായി.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, മീഥൈയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നീ മൂന്ന് ഹരിതഗൃഹ വാതകങ്ങളുടെ അളവ് ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്. ഇത് ലോകമെമ്പാടും വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണതരംഗങ്ങള്‍ എന്നിവ ശക്തമാക്കും. ഇവ മനുഷ്യനെ നേരിട്ട് ബാധിക്കുകയും ചെയ്യും. വര്‍ധിച്ചു വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ ആഗോള ഭക്ഷ്യലഭ്യതയില്‍ വലിയ ക്ഷാമമുണ്ടാക്കുമെന്നും ഈ പ്രകൃതി ദുരന്തങ്ങളെ മറികടക്കാന്‍ കോടിക്കണക്കിന് ഡോളറുകള്‍ ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കാലാവസ്ഥാ പ്രതിഭാസത്തിനു പിന്നില്‍
യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഉയരുന്നത്. വടക്കന്‍ യൂറോപ്പിനെക്കാള്‍ തെക്കന്‍ യൂറോപ്പിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. 200 വര്‍ഷത്തിനിടയില്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ ഉഷ്ണതരംഗം 2022 ല്‍ സ്‌പെയിനിലും ഉണ്ടായി. ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലും ചൂട് ക്രമാതീതമായി ഉയര്‍ന്നിരുന്നു. വേനല്‍ക്കാലത്തു പോലും ചൂട് 20 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് അപൂര്‍വമായി മാത്രം കടക്കുന്ന ബ്രിട്ടനിലും അയര്‍ലന്‍ഡിലുമെല്ലാം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താപനില ഉയരുകയാണ്. യൂറോപ്പില്‍ എല്ലായിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു താപനില രേഖപ്പെടുത്തിയത്.
1880 കള്‍ക്കു ശേഷം രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ പത്തു വര്‍ഷങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനു പുറമെ ഉഷ്ണതരംഗവും ചൂട് വര്‍ധിക്കാന്‍ കാരണമായി. യൂറോപ്യന്‍ മേഖലയ്ക്ക് മുകളിലുള്ള ന്യൂനമര്‍ദം വടക്കേ ആഫ്രിക്കയില്‍ നിന്ന് ചൂടുള്ള വായു ആകര്‍ഷിക്കുന്നു. ആര്‍ട്ടിക് സമുദ്രത്തിലെ അസാധാരണമായ ചൂടും ഉഷ്ണതരംഗത്തിന്റെ ആക്കം കൂട്ടുന്നു. മണ്ണില്‍ ഈര്‍പ്പം കുറവായതിനാല്‍ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നതും താപനില ഉയരാന്‍ ഇടയാക്കുന്നു.
ലോകം ചുട്ടുപൊള്ളുന്നു
ലോകത്തിലെ ശരാശരി താപനില ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയും ഉയര്‍ന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്ത ഡാറ്റകള്‍ പ്രകാരം, ജൂലൈ ആറിന് ആഗോള ശരാശരി താപനില 17.23 ഡിഗ്രി സെല്‍ഷ്യസ് അഥവാ 63.01 ഡിഗ്രി ഫാരെന്‍ഹീറ്റായി ഉയര്‍ന്നതായാണ് കണ്ടെത്തല്‍. ജൂലൈ മൂന്നിന് റിപ്പോര്‍ട്ട് ചെയ്ത 17.01 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഏറ്റവും ഉയര്‍ന്ന ആഗോള ശരാശരി താപനില. എന്നാല്‍ ഒരു ദിവസത്തിനുശേഷം ജൂലൈ അഞ്ചിന് താപനില 17.18 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തുകയുണ്ടായി.
മനുഷ്യ നിര്‍മിതമായ കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോ പ്രതിഭാസവുമാണ് താപനിലയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാഹചര്യമായ ഘടകങ്ങളെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എല്‍ നിനോ ദക്ഷിണ ആന്ദോളനം അഥവാ എന്‍സോ (ENSO) കാരണമാണ് ഭൂമിയിലെവിടെയും കാലാവസ്ഥാ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ഈ ഘട്ടത്തില്‍ ചൂടുള്ള ജലം ഉഷ്ണമേഖലാ പസഫിക്കിന്റെ ഉപരിതലത്തിലേക്ക് വരുകയും അന്തരീക്ഷത്തിലേക്ക് ചൂട് തള്ളപ്പെടുകയും ചെയ്യുന്നു. ലോകത്തിന് ഇനിയും കൂടുതലായി വേണ്ടത് എണ്ണയും വാതകങ്ങളുമാണെന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണീ കാലാവസ്ഥാ വ്യതിയാനമെന്ന് വിദ്ഗധര്‍ പറയുന്നു.
പസഫിക് സമുദ്രത്തിന്റെ കിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എല്‍ നിനോ. ഈ വര്‍ഷത്തെ എല്‍ നിനോ കൂടുതല്‍ ശക്തമായിരിക്കുമെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ പ്രവചനം. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കും. എല്‍ നിനോയുടെ അനന്തരഫലമായി പല സ്ഥലങ്ങളിലും ചൂട് റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും തെക്കേ അമേരിക്കയില്‍ മഴ കൂടുമെന്നും ആഫ്രിക്കയിലെ വരള്‍ച്ച രൂക്ഷമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ദുരന്തമാകുന്ന ഉഷ്ണതരംഗം
ഉഷ്ണതരംഗം ഹിമാലയത്തെയും ഉരുക്കുമെന്നാണ് അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ തന്നെ ഹിമാലയത്തിലെ മഞ്ഞ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഹിമാലയത്തിലെ മഞ്ഞുരുക്കവും ശക്തമായിരുന്നു. ഹിമാലയത്തിലെ മഞ്ഞ് ഉരുകുന്നതോടെ പര്‍വത ശിഖിരങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന നദികളില്‍ ജലനിരപ്പ് ഉയരുകയും ഇത് താഴ്വാരങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്. ഇത് മണ്ണിടിച്ചിലിനും ഇടയാക്കും. ഹിന്ദു കുഷ് ഹിമാലയത്തിലുടനീളം 200 ഹിമാനി തടാകങ്ങള്‍ ഇതിനകം അപകടകരമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.