
സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കും
സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാറ്റും ഇടിയോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ച് രൂപപ്പെട്ട ''മോൻതാ'' (Montha) ചുഴലിക്കാറ്റ് നാളെ തീരം തൊടും. ആന്ധ്രാപ്രദേശ് തീരത്തായിരിക്കും 'മോൻതാ' കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒഡീഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മധ്യ കിഴക്കൻ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


