TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

സംസ്ഥാനത്ത് മഴ ശക്തം: മൂന്നു ദിവസം കൂടി തുടരും; വ്യാപക നാശനഷ്ടം

06 Jul 2023   |   2 min Read
TMJ News Desk

സംസ്ഥാനത്ത് മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപകനാശം. തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷം. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. മൂന്നു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. 

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ എട്ടു പേരാണ് ഇതുവരെ മഴക്കെടുതിയെ തുടര്‍ന്ന് മരിച്ചത്. 

കടലാക്രമണം രൂക്ഷം; കണ്ണമാലിയില്‍ പ്രതിഷേധം

വേമ്പനാട്ട് കായലിലെയും മറ്റു ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്നതിനാല്‍ ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, കയാക്കിങ് ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍ ഇവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം. വേമ്പനാട്ട് കായലിലെയും മറ്റു ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്നതിനാല്‍ ബോട്ട് സര്‍വീസ് നടത്തുന്നത് സുരക്ഷിതമല്ലെന്ന ഡിടിപിസി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

തുടര്‍ച്ചയായ മഴ കുട്ടനാട്ടില്‍ ഭീഷണിയാകുന്നുണ്ട്. പുഴയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ആറാട്ടുപുഴയില്‍ കടലാക്രമണം രൂക്ഷമാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയും വെള്ളത്തിനടിയിലായി. കൊല്ലത്തും കടലാക്രമണം ശക്തമായി തുടരുകയാണ്. പത്തനംതിട്ടയില്‍ മണിമലയാര്‍ കരകവിഞ്ഞു.  മല്ലപ്പള്ളി ടൗണിലടക്കം വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. 

എറണാകുളം കണ്ണമാലിയില്‍ കടലാക്രമണത്തെ തുടര്‍ന്ന് മുന്നൂറിലധികം വീടുകളില്‍ വെള്ളം കയറി. തീരത്ത് സ്ഥാപിച്ച മണല്‍ചാക്കുകള്‍ തകര്‍ന്നാണ് വെള്ളം വീടുകളിലേക്ക് കയറിയിരിക്കുന്നത്. കടല്‍ഭിത്തി നിര്‍മിക്കണമെന്ന ആവശ്യവുമായി കണ്ണമാലി നിവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. 

കണ്ണൂര്‍ കാരശേരി ചെറുപുഴ കരകവിഞ്ഞൊഴുകുകയാണ്. വല്ലത്തായിപ്പുഴ പാലം മുങ്ങി. കുറ്റ്യാടി, തൊട്ടില്‍പ്പാലം പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ താല്ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. പാലക്കയം തട്ട് ടൂറിസം സെന്റര്‍, ഏഴരക്കുണ്ട് ടൂറിസം സെന്റര്‍, ധര്‍മടം ബീച്ച്, ചാല്‍ ബീച്ച് പാര്‍ക്ക്, ചൂട്ടാട് ബീച്ച് എന്നിവിടങ്ങളിലാണ് താല്ക്കാലിക നിരോധനം. ഏഴാം തീയതി വരെയാണ് നിയന്ത്രണം. കാസര്‍ഗോഡ് ചെറുവത്തൂര്‍ കൊവ്വല്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം രണ്ടുദിവസത്തേക്കു നിയന്ത്രിച്ചിരിക്കുകയാണ്. 

അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ അംഗങ്ങളെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്നമേഖലയിലെ വെള്ളക്കെട്ട് സാധ്യതകള്‍ പരിഗണിച്ച് സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. 

കുട്ടികള്‍ക്കായി ഹെല്‍പ്പ് ലൈന്‍

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്ന കുട്ടികള്‍ക്ക് സഹായഹസ്തവുമായി സംസ്ഥാന ശിശുക്ഷേമ സമിതി. കെടുതി നേരിടുന്ന സ്ഥലങ്ങളിലെ കുട്ടികളുടെ മനസ്സിനേല്‍ക്കുന്ന ആഘാതം ലഘൂകരിക്കുന്നതിനായി കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ശിശുക്ഷേമ സമിതി ലഭ്യമാക്കും. നേരിട്ടും ഓണ്‍ലൈന്‍ മുഖേനയുമാകും കൗണ്‍സിലിങ് നടപ്പിലാക്കുക.


#Daily
Leave a comment