PHOTO: PTI
മഴക്കെടുതിയില്‍ ഉത്തരേന്ത്യ; ഡല്‍ഹി വീണ്ടും പ്രളയഭീതിയില്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമായി. യമുനാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നതോടെ ഡല്‍ഹി വീണ്ടും പ്രളയഭീതിയിലായി. യമുനാ നദിയിലെ ജലനിരപ്പ് 206.44 ആയി. ഓള്‍ഡ് യമുന ബ്രിഡ്ജ് അടച്ചു. ട്രെയിന്‍ ഗതാഗതവും വഴിതിരിച്ചുവിട്ടു. തീവണ്ടികള്‍ ന്യൂഡല്‍ഹി വഴി പോകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും കനത്ത മഴയെത്തുടര്‍ന്ന് ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം നിലയ്ക്കാതെ ഒഴുകുന്നതാണ് യമുന വീണ്ടും അപകടനില കവിയാന്‍ കാരണം. ഇത് തലസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുകയാണ്. 27,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് രണ്ടുലക്ഷം ക്യുസെക്‌സ് വെള്ളം നദിയിലേക്ക് ഒഴുക്കുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. യമുനയിലെ ജലനിരപ്പ് 206.7 മീറ്ററായി ഉയര്‍ന്നാല്‍ യമുന ഖാദറിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും റവന്യൂ മന്ത്രി അതിഷി വ്യക്തമാക്കി. തലസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെയും പുനഃരധിവാസ പ്രവര്‍ത്തനങ്ങളെയും യമുന പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഒരാഴ്ചയായി യമുനാ നദി കരകവിഞ്ഞൊഴുകുകയാണ്. ഉത്തര്‍പ്രദേശിലെ നോയിഡയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ വീണ്ടും ശക്തപ്പെടും
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി മൂലം 700 ഓളം റോഡുകള്‍ അടച്ചു. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളില്‍ ജൂലൈ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷിംലയില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്നുപേരെ കാണാതായി. നിരവധി വാഹനങ്ങളും റോഡുകളും ഒലിച്ചുപോയി. ജമ്മുവില്‍ മഴ ശക്തമായതിനാല്‍ അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു.
ഗുജറാത്തിലും മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. ഏറ്റവുമധികം മഴ ലഭിച്ച ജുനഗഢ് ജില്ലയില്‍ പ്രളയ സാഹചര്യമാണ് ഉള്ളതാണ്. വീടുകള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. വാഹനങ്ങള്‍ ഒലിച്ചുപോയി. വിവിധ സംഭവങ്ങളിലായി ആറ് പേര്‍ക്ക് സംസ്ഥാനത്ത് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായെന്നാണ് കണക്ക്. സൗരാഷ്ട്ര, കച്ച് മേഖലകളിലും തെക്കന്‍ ഗുജറാത്തിലുമാണ് സ്ഥിതി രൂക്ഷമായിരിക്കുന്നത്. ദ്വാരക, രാജ്‌കോട്ട്, ഭാവ്‌നഗര്‍, വല്‍സാഡ് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. ജുനഗഢ് ജില്ലയില്‍ 3,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. രാജ്‌കോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രളയസമാനമായ അവസ്ഥയെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്. താനെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രാത്രികാല പെട്രോളിങ് നടത്താനും നിര്‍ദേശമുണ്ട്.