IMAGE | WIKI COMMONS
കനത്ത മഴ; ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരിച്ചു
കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 1 മേല്‍ക്കൂര തകര്‍ന്നു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായും ആറ് പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. മേല്‍ക്കൂരയുടെ ഒരു ഭാഗം വാഹനങ്ങള്‍ക്ക് മുകളിലൂടെ തകര്‍ന്ന് വീഴുകയായിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ മാത്രമുള്ള ടെര്‍മിനല്‍ 1 ല്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ പെയ്ത കനത്ത മഴയിലാണ് ടെര്‍മിനല്‍ 1 ന്റെ ഒരു ഭാഗം തകരുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ഡല്‍ഹിയില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അപകടത്തെ തുടര്‍ന്നുള്ള നിയന്ത്രണം 700 ലധികം യാത്രക്കാരെ ബാധിച്ചു. പലര്‍ക്കും ഇതുവരെ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പ്രതികരിച്ചു. ഉഷ്ണതരംഗം രൂക്ഷമായത് കാരണം ഡല്‍ഹിയില്‍ നിരവധി പേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മഴ ശക്തമായി പെയ്യുന്നത്.