
ബെംഗളുരുവില്‍ നാശം വിതച്ച് കനത്ത മഴ; 5 മരണം
ശക്തമായ മഴയെത്തുടര്‍ന്ന് നോര്‍ത്ത് ബെംഗളുരുവില്‍ വെള്ളപ്പൊക്കം. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകുമെന്നും സംശയിക്കുന്നുണ്ട്.
യെലഹങ്കയില്‍ പെയ്ത കനത്ത മഴയില്‍ കൊഗിലു തടാകം കരകവിഞ്ഞതിനെ തുടര്‍ന്ന് കേന്ദ്രീയ വിഹാര്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ നാലടിയിലധികം വെള്ളം കയറി. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘം ബോട്ട് ഉപയോഗിച്ച് 3000ത്തിലധികം താമസക്കാരെ ഒഴിപ്പിച്ചു.
വിദ്യാരണ്യപുരയിലെ ദൊഡ്ഡബൊമ്മസാന്ദ്ര തടാകത്തിന്റെ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറി. ടാറ്റ നഗര്‍, ഭദ്രപ്പ ലേഔട്ട്, ബാലാജി ലേഔട്ട് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ സ്ഥിതിഗതികള്‍ വിലയിരുത്തുകയും 18 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ബണ്ട് തകര്‍ന്നതെന്നും പറഞ്ഞു.


