PHOTO: WIKI COMMONS
ഗള്‍ഫില്‍ കനത്ത മഴ; നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി
ഗള്‍ഫിലെ ശമിക്കാത്ത മഴയെ തുടര്‍ന്ന് ദുബായിലെ വിമാനസര്‍വീസുകള്‍ താറുമാറായി. കേരളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ദുബായില്‍ നിന്ന് പുറപ്പെടാനിരുന്ന നിരവധി വിമാനങ്ങളാണ് കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയത്. ഇന്ത്യ, പാകിസ്താന്‍, സൗദി, ബ്രിട്ടന്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് പോകേണ്ട വിമാന സര്‍വീസുകളാണ് റദ്ദുചെയ്തത്.
ബുധനാഴ്ച രാവിലെ മുതല്‍ ദുബായില്‍ നിന്നും വിമാനങ്ങളൊന്നും പുറപ്പെടില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കൊച്ചിയില്‍ നിന്നടക്കം കേരളത്തില്‍ നിന്ന് ദുബായിലേക്കുള്ള നിരവധി സര്‍വീസുകളും റദ്ദാക്കി. കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് ദുബായില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അല്‍ ഐനിലെ ഖതം അശ്ശക് ലയില്‍ 24 മണിക്കൂറിനിടെ 254.8 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്.
ഏപ്രില്‍ 17ന് ദുബൈയില്‍ നിന്ന് പുറപ്പെടേണ്ട ഫ്ലൈ ദുബൈ വിമാനങ്ങള്‍ മുഴുവന്‍ റദ്ദാക്കിയതായി അറിയിച്ച അധികൃതര്‍ ദുബായിലേക്ക് അടിയന്തരമായി എത്തേണ്ട ആളുകളെ മാത്രമേ ഇപ്പോള്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്നും പറഞ്ഞു. ചൊവ്വാഴ്ച്ചയുണ്ടായ കനത്ത മഴയില്‍ ദുബായ്, അബുദാബി, ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണുണ്ടായത്. ഒമാനില്‍ മഴയില്‍ 10 കുട്ടികളുള്‍പ്പെടെ 18 പേരാണ് മരിച്ചത്. മഴ തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ വിവിധയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ, റെഡ് അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗും തകര്‍ത്ത് മഴ
ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. രാജ്യത്തെ സ്‌കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രങ്ങളായ ദുബായ് മാളിലും മാള്‍ ഓഫ് എമിറേറ്റിസിലും വെള്ളം കയറിയതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമി ഫൈനലും മഴ കാരണം അടുത്ത ദിവസത്തേക്ക് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.