
കനത്ത മഴയും മണ്ണിടിച്ചിലും: സിക്കിമില്‍ 6 പേര്‍ മരിച്ചു, കുടുങ്ങിക്കിടക്കുന്നത് 1500 ടൂറിസ്റ്റുകള്‍
സിക്കിമിലെ മാംഗന്‍ ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. 1500 വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു. 36 മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലേക്കുള്ള റോഡുകള്‍ തകര്‍ന്ന നിലയിലാണ്. കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളില്‍ 11 പേര്‍ വിദേശ പൗരന്മാരാണ്. നാശനഷ്ടങ്ങള്‍ സംഭവിച്ചതിനാല്‍, കുടുങ്ങിക്കിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ജൂണ്‍ 16 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടതായും നിരവധി വീടുകള്‍ തകര്‍ന്നതായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായും ജില്ലാ ഭരണകൂടം അറിയിച്ചു. യുന്‍താംഗ് താഴ്‌വരയിലും ഗുരുഡോംഗ്മാര്‍ തടാകത്തിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 2023 ല്‍ സിക്കിമില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. നൂറിലധികം ആളുകളാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്. സാങ്കലാങ്ങില്‍ പുതുതായി നിര്‍മ്മിച്ച ബെയ്‌ലി പാലം തകര്‍ന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ പാലം തകര്‍ന്നിരുന്നു. ടീസ്റ്റ നദി കരകവിഞ്ഞൊഴുകുന്നത് പ്രദേശത്തെ താമസക്കാരെ ബാധിച്ചേക്കാമെന്ന ആശങ്കയും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.