TMJ
searchnav-menu
post-thumbnail

ഇബ്രാഹിം റെയ്‌സി | PHOTO: FACEBOOK

TMJ Daily

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

20 May 2024   |   1 min Read
TMJ News Desk

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. റെയ്‌സിക്കൊപ്പം വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അടക്കമുള്ളവര്‍ മരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് എത്തിയത്. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. 

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ തുര്‍ക്കിയുടെ ഡ്രോണാണ് തകര്‍ന്ന ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. അപകടം നടന്ന് 12 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യസംഘം സ്ഥലത്തെത്തിയത്. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി ഇറാന്‍ റെഡ് ക്രെസന്റ് ചെയര്‍മാന്‍ കോലിവാന്‍ഡ് അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി അമീര്‍ ഹുസൈന്‍, ഗവര്‍ണര്‍ മലേക് റഹ്‌മതി, തബ്‌റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 

രക്ഷാപ്രവര്‍ത്തനത്തിന് റഷ്യയുടെയും സഹായം ലഭിച്ചിട്ടുണ്ട്. നാല്‍പതിലേറെ സംഘങ്ങളാണ് ആദ്യ മണിക്കൂറുകളില്‍ തിരച്ചില്‍ നടത്തിയത്. വടക്ക് പടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യയായ ഈസ്റ്റ് അസര്‍ബൈജാനിലെ ജോല്‍ഫ നഗരത്തില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ഇറാന്റെയും അസര്‍ബൈജാന്റെയും അതിര്‍ത്തിയില്‍ ഒരു അണക്കെട്ട് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു ഇബ്രാഹിം റെയ്‌സിയും ഹുസൈന്‍ അമീറും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. 

കനത്ത മഴയും മൂടല്‍മഞ്ഞുമാകാം ഹെലികോപ്റ്റര്‍ പെട്ടെന്ന് ഇടിച്ചിറങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍സാഖാന്‍ പര്‍വത മേഖലയിലെ ഡിസ്മര്‍ കാടിന് സമീപം ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയതായാണ് സൂചന. പ്രദേശത്തെ മോശം കാലാവസ്ഥയും ഗതാഗതയോഗ്യമല്ലാത്ത പാതകളും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായും അധികൃതര്‍ അറിയിച്ചു.


#Daily
Leave a comment