TMJ
searchnav-menu
post-thumbnail

TMJ Daily

ഹേമ കമ്മിറ്റി: നിയമ നിർമ്മാണത്തിന് അമിക്കസ്ക്യൂറി

07 Nov 2024   |   1 min Read
TMJ News Desk

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാരിനെ സഹായിക്കാനുള്ള കരട് നിർദ്ദേശങ്ങൾ ക്രോഡീകരിക്കാനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. അമിക്കസ് ക്യൂറിയായി അഡ്വക്കേറ്റ് മിത സുരേന്ദ്രനെയാണ് ഡിവിഷൻ ബെഞ്ച് നിയമിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ 26 എഫ്ഐആറുകളും പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നു ഹൈക്കോടതിയിൽ സമർപ്പിച്ച പ്രത്യേക അന്വേഷണ പുരോ​ഗതി റിപ്പോർട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരി​ഗണിക്കുന്ന പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ ഡോ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവർ അന്വേഷണത്തിൽ തൃപ്തി പ്രകടിപ്പിച്ചു. 26 എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ 18 എണ്ണത്തിൽ മൊഴി രേഖപ്പെടുത്താൻ അതിജീവിതർ സമയം തേടിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.

പരി​ഗണനയിലുള്ള കേസുകളിൽ അഞ്ച് അതിജീവിതർ നടപടികളുമായി  മുന്നോട്ട് പോകാൻ വിസമ്മതിച്ചു. എന്നാൽ അന്വേഷണവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. മറ്റു തെളിവുകളും ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്. കേസിലെ യഥാർത്ഥ അതിജീവിതരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കെ ​ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. തുടർന്നാണ് അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും അന്വേഷണം പുരോ​ഗമിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ഈ കേസിന്റെ കാര്യത്തിൽ സർക്കാർ നന്നായി സഹകരിക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരിക്കുന്ന സിനിമ നയത്തിന് ഒരു സ്ത്രീപക്ഷ കാഴ്ച്ചപ്പാടുള്ളത് അഭികാമ്യമായിരിക്കുമെന്നും കോടതി പറഞ്ഞു.

എല്ലാ ഭാ​ഗത്ത് നിന്നുമുള്ള അഭിപ്രായങ്ങൾ സ്വരൂപിക്കാനും ഇതെല്ലാം പരി​ഗണിച്ചു കൊണ്ട് സിനിമനയം രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് ഈ മാസം  21ന്  വീണ്ടും പരി​ഗണിക്കും.


#Daily
Leave a comment