
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോടതിയില്‍; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടിയെടുത്തോയെന്നത് അടുത്ത സിറ്റിങില്‍ പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘം
തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിക്ക് നിലവില്‍ പ്രസക്തിയില്ലെന്ന് എ ജി ഹൈക്കോടതിയെ അറിയിച്ചു. നാലരക്കൊല്ലമായി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാരിനോട് ചോദിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിശബ്ദമായിരുന്നതെന്നും ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാറ്റിവയ്ക്കൂ, ക്രിമിനല്‍ വിഷയത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു. പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളം. ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്നമാണെന്നും കോടതി വിശദീകരിച്ചു. സിനിമയിലെ സ്ത്രീകള്‍ മാത്രം നേരിടുന്ന പ്രശ്നമല്ല. ഭരണ സംവിധാനം അടിയന്തിരമായി പ്രതികരിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.