TMJ
searchnav-menu
post-thumbnail

TMJ Daily

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ലെന്ന് മോഹന്‍ലാല്‍

31 Aug 2024   |   1 min Read
TMJ News Desk

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചാണെന്നും സിനിമാ മേഖല ഒരുമിച്ച് നിന്നാണ് മറുപടി നല്‍കേണ്ടതെന്നും പ്രതികരിച്ച് മോഹന്‍ലാല്‍. എഎംഎംഎയ്ക്ക് നേരെയാണ് എല്ലാവരും വിരല്‍ ചൂണ്ടുന്നതെന്നും അത് ശരിയല്ലെന്നും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ലാല്‍. 

ആരോപണങ്ങള്‍ പുറത്തുവന്ന സമയത്ത് താന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കേരളത്തിന് പുറത്തായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്നും, എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും നടന്‍ പ്രതികരിച്ചു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും സര്‍ക്കാരും പൊലീസ് സംവിധാനങ്ങളും അതിനായി ഉണ്ടല്ലോ എന്നുമായിരുന്നു നടന്മാര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ മോഹന്‍ലാലിന്റെ പ്രതികരണം. 

എഎംഎംഎ മാത്രമല്ല സിനിമാ മേഖലയുടെ ഭാഗം, ഒരുപാട് സംഘടനകളുണ്ട്, എല്ലാവരോടും ചോദ്യങ്ങള്‍ ഉണ്ടാകണമെന്നും പ്രതികരിച്ചു. മലയാള സിനിമ അതിന്റെ നല്ല ഘട്ടത്തിലാണെന്നും ഈ അവസരത്തില്‍ അത് തകര്‍ക്കരുതെന്നും മോഹന്‍ലാല്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും എഎംഎംഎയും അതിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും പ്രതികരിക്കാന്‍ തയ്യാറല്ലെന്നും, നിങ്ങള്‍ക്ക് ചോദ്യം ഉണ്ടായിരിക്കാം എന്നാല്‍ എനിക്ക് ഉത്തരമില്ല എന്നും പ്രതികരിച്ചു. 

വളരെ ബുദ്ധിമുട്ടിയാണ് മലയാളം ഇന്‍ഡസ്ട്രി ഉണ്ടായത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രിയാണത്. അതുകൊണ്ട് തന്നെ ഒറ്റ കാര്യത്തില്‍ ഫോക്കസ് ചെയ്ത് അത് തകര്‍ക്കരുതെന്നും നടന്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ആളാണ് താനെന്നും നല്ല കാര്യത്തിനായാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്, അതിനൊപ്പം ഉണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.


#Daily
Leave a comment