TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രായേലുമായി 'തുറന്ന യുദ്ധം' പ്രഖ്യാപിച്ച്  ഹിസ്ബുള്ള റോക്കറ്റ് ആക്രമണം

23 Sep 2024   |   1 min Read
TMJ News Desk

ലെബനനില്‍ ഇസ്രായേല്‍ നൂറുകണക്കിന് സ്ഫോടനപരമ്പര നടത്തിയതിന് പിന്നാലെ ഹിസ്ബുള്ള വടക്കന്‍ ഇസ്രായേലിലുടനീളം 100 ലധികം റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ചില റോക്കറ്റുകള്‍ ഹൈഫ നഗരത്തിന് സമീപം പതിച്ചു. ഒരു 'തുറന്ന യുദ്ധം' ആരംഭിച്ചുവെന്നാണ് ഇതേ കുറിച്ച് ഹിസ്ബുള്ളയുടെ ഒരു നേതാവ് അഭിപ്രായപ്പെട്ടത്. ഇരുപക്ഷവും യുദ്ധസമാന ആക്രമത്തില്‍ നിന്നും യുദ്ധത്തിലേക്ക് തന്നെ മാറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ലെബനനില്‍ ഇസ്രായേല്‍ നടത്തിയ പേജര്‍, വാക്കി- ടോക്കി സ്ഫോടന പരമ്പരയില്‍ 37 പേര്‍ കൊല്ലപ്പെടുകയും അനവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ള കമാന്‍ഡര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇസ്രേയല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതിരെ ഒറ്റരാത്രിയില്‍ നൂറോളം റോക്കറ്റുകള്‍ ഉപയോഗിച്ചാണ് തിരിച്ചടിയായി ഹിസ്ബുള്ള ആക്രമണം നടത്തിയത്. 

പേജര്‍ വാക്കി -ടോക്കി സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ വെള്ളിയാഴ്ച ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് റോക്കറ്റ് ആക്രമണങ്ങള്‍ നടന്നത്. ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളില്‍ ഒരാളായ ഇബ്രാഹിം അകിലിന് പുറമെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് 45 പേര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

റോക്കറ്റ് ആക്രമണം ഇപ്പോള്‍ ഇസ്രായേലുമായുള്ള 'തുറന്ന യുദ്ധത്തിന്റെ' തുടക്കം മാത്രമാണെന്ന് ഹിസ്ബുള്ളയുടെ ഉപനേതാവ് നയിം കാസെം പറഞ്ഞു.റോക്കറ്റ് ആക്രമണത്തെ തുടര്‍ന്ന് അഭയകേന്ദ്രങ്ങളിലേക്ക് മാറിയ വടക്കന്‍ മേഖലയില്‍ സുരക്ഷ പുനഃസ്ഥാപിക്കാനും ആളുകള്‍ക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും ആവശ്യമായ എല്ലാ നടപടികളും ഇസ്രായേല്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

#Daily
Leave a comment