PHOTO: FACEBOOK
ഹൈക്കമ്മീഷന്‍ ആക്രമണം: ഖലിസ്ഥാന്‍ അനുകൂലികളെ നാടുകടത്തണമെന്ന് ഇന്ത്യ
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായവരെ നാടുകടത്തണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇവരില്‍ പലരും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരാണ്. ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ അഭയം തേടിയവരുമുണ്ട്.
ഖലിസ്ഥാന്‍ വിഘടനവാദത്തെ പിന്താങ്ങുന്നവരാണ് ഇവരെന്നും ബ്രിട്ടനിലും മറ്റു വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ പൗരന്മാര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇവരാണെന്നും പറയപ്പെടുന്നു.
ആക്രമണത്തില്‍ പങ്കെടുത്ത അവ്താര്‍ ഖണ്ട ബ്രിട്ടനില്‍ കാലങ്ങളായി ജീവിക്കുന്നയാളാണെന്നും ഖലിസ്ഥാനു വേണ്ടിയുള്ള പ്രതിഷേധത്തിലെ പ്രധാനിയാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ രാഷ്ട്രീയമായി വേട്ടയാടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ അഭയം തേടിയിരിക്കുകയാണ് ഇയാള്‍.
ഹൈക്കമ്മീഷന്‍ ആക്രമണത്തില്‍ ഇയാളെ അറസ്റ്റു ചെയ്തിരുന്നു. മാര്‍ച്ച് 19ന് നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ പതാക വലിച്ച് നിലത്തിട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.