
കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി
കേരള എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന യോഗ്യതാ പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയ ശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന കാരണത്തിലാണ് കോടതി നടപടി. സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്റ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിദ്യാർത്ഥിനി ഹന ഫാത്തിമ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ഡി കെ സിങ് നടപടിയെടുത്തത്.
മാർക്ക് ഏകീകരണം മൂലമാണ് ഇത് സംഭവിച്ചതെന്ന് വിദ്യാർത്ഥിനിയുടെ ഹർജിയിൽ പറയുന്നു. പരീക്ഷ പ്രോസ്പെക്ടസിലെ നിർദേശങ്ങൾക്ക് വിരുദ്ധമാണ് പുതിയ സമവാക്യമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു. കേരള സിലബസ് വിദ്യാർത്ഥികൾക്ക് മുൻ സമവാക്യ പ്രകാരം റാങ്ക് ലിസ്റ്റിൽ തയ്യാറാക്കുമ്പോൾ മാർക്ക് കുറയുന്നു എന്ന പരാതിയിലാണ് പുതിയ സമവാക്യം സർക്കാർ കൊണ്ടുവന്നത്. ജൂലൈ മാസം ഒന്നാം തീയതി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
കോടതിവിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിച്ചു. തമിഴ്നാട് മാതൃകയിലായിരുന്നു കേരള സർക്കാരും കീം പരീക്ഷയിൽ പുതിയ മാർക്ക് സമവായം കൊണ്ട് വന്നത്.


