
മുനമ്പം കമ്മീഷന്‍ തുടരാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
മുനമ്പം ഭൂമി തര്‍ക്കം പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മീഷന് തുടരാനുള്ള അനുമതി നല്‍കിയത്. നേരത്തെ ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് കമ്മീഷന് പൊതുതാല്‍പര്യ സ്വഭാവം ഇല്ലെന്ന് പറഞ്ഞ് നിയമനം റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരുന്നു.
സര്‍ക്കാരിന്റെ അപ്പീല്‍ ജൂണില്‍ കോടതി വീണ്ടും പരിഗണിക്കും. വിശദമായ വാദം കേട്ടശേഷം ഡിവിഷന്‍ ബെഞ്ച് അന്തിമ ഉത്തരവ് പ്രഖ്യാപിക്കും. അതുവരെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ കോടതി അനുവദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് നേരത്തെ കണ്ടെത്തിയതാണെന്നും നിലവില്‍ വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കുന്ന വിഷയമായതിനാലും ജുഡീഷ്യല്‍ കമ്മീഷന് വിഷയത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് ഏകാംഗ ബെഞ്ച് പറഞ്ഞിരുന്നു.
ജുഡീഷ്യല്‍ കമ്മീഷന് പൊതുതാല്‍പര്യം ഉണ്ടെന്നും സര്‍ക്കാരിന് വിശദമായ നിയമോപദേശം നല്‍കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്നും സംസ്ഥാനം വാദിച്ചു.