
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി ഉത്തരവ്
ശബരിമലയില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് കാരണം വന്യജീവികള്‍ക്ക് അപകടമുണ്ടാക്കുന്നുവെന്ന സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കര്‍ശന പ്ലാസ്റ്റിക് നിയന്ത്രണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ലംഘനം നടത്തിയവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കണമെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളി കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബഞ്ചാണ് ഉത്തരവിട്ടത്.
പ്ലാസ്റ്റിക് കൂട്ടിയിടുകയും കത്തിക്കുകയും ചെയ്തവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കാന്‍ പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചുള്ള അറിയിപ്പ് വെര്‍ച്വല്‍ ക്യൂ പ്ലാറ്റ്ഫോമിലും നല്‍കണം. കൂടാതെ, സന്നിധാനം, പമ്പ, നിലയ്ക്കല്‍, കാനനപാത തുടങ്ങിയയിടങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചു.
ഇരുമുടിക്കെട്ടിലും മറ്റും പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് തീര്‍ത്ഥാടകര്‍ക്ക് അറിയിപ്പ് നല്‍കാനും ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


