
36 വർഷം മുമ്പുള്ള നിരോധന ഉത്തരവ് കാണാനില്ല, സാത്താനിക് വേഴ്സസ് നിരോധനം നിലനിൽക്കുന്നില്ലെന്ന് ഹൈക്കോടതി
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് അമേരിക്കൻ നോവലിസ്റ്റ് സൽമാൻ റുഷ്ദിയുടെ വിവാദമായ "ദ സാത്താനിക് വേഴ്സസ്" എന്ന പുസ്തകത്തിന് മേൽ 36 വർഷം മുമ്പ് ചുമത്തിയ നിരോധന ഉത്തരവ് നിലനിൽക്കുന്നില്ലെന്ന് ഡൽഹി ഹൈക്കോടതി.
ദ സാത്താനിക് വേഴ്സസ് എന്ന പുസ്തകം ഇറക്കുമതി ചെയ്യുന്നതിന് തടസ്സമായി 1988 ൽ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ഏർപ്പെടുത്തിയ നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഉത്തരവ്.
രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ 1988ലാണ് ദ സാത്താനിക് വേഴ്സസ് എന്ന നോവൽ ഇന്ത്യയിൽ നിരോധിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്ന് കാണിച്ചായിരുന്നു നിരോധനം. 1988 ഒക്ടോബർ അഞ്ചിനായിരുന്നു സെൻട്രൽ ബോര്‍ഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് പുസ്തകം ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
'ദ സാത്താനിക് വേഴ്സസ്' എന്ന നോവൽ ഇറക്കുമതി ചെയ്യുന്നത് സർക്കാർ നിരോധിച്ചതിനെത്തുടർന്ന് ഇന്ത്യൻ ജനാധിപത്യം ഒരു "പരിഹാസവസ്തു" ആയി മാറിയെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് 1998 ഒക്ടോബറിൽ അയച്ച കത്തിൽ നോവലിസ്റ്റ് സൽമാൻ റുഷ്ദി പറഞ്ഞിരുന്നു. നോവലിൽ ഇസ്‌ലാമിനെ നിന്ദിക്കുന്നതോ മതനിന്ദ ചെയ്യുന്നതോ ആയ ഒന്നും അടങ്ങിയിട്ടില്ലെന്നും പകരം മതം, കുടിയേറ്റം, സ്വത്വം തുടങ്ങിയ പ്രശ്‌നങ്ങളുടെ തികച്ചും ഭാവനാസഞ്ചാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.1988-ൽ ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച രാജീവ് ഗാന്ധിക്കുള്ള തുറന്ന കത്തിൽ, പുസ്തകം വായിക്കാത്ത "തീവ്രവാദികൾ, മതമൗലികവാദികൾ പോലും" എന്ന് താൻ കരുതുന്നവരുടെ താൽപ്പര്യങ്ങൾക്ക് സർക്കാർ വഴങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
ഇങ്ങനെ നിരോധനം നിലനില്‍ക്കുന്നതിനെതിരെ പുസ്തകം ലഭിക്കുന്നതിന് വേണ്ടി 2019ൽ സന്ദീപൻ ഖാൻ എന്നവ്യക്തിയാണ് കോടതിയെ സമീപിച്ചത്. പുസ്തകം ഇന്ത്യയിൽ നിരോധിച്ചുവെന്നും അത് പ്രസിദ്ധീകരിക്കുവാനും വിൽക്കാനും അനുവാദമില്ലെന്നും വിവിധ പുസ്തകശാല ഉടമകൾ തന്നോട് പറഞ്ഞുവെന്നും സന്ദീപൻ ഖാൻ ഹർജിയിൽ പറഞ്ഞു. ഈ നിരോധനം വെബ്‌സൈറ്റിൽ ലഭ്യമല്ലെന്നും പുസ്തകം ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിക്കവേ, നിർദ്ദിഷ്ട വിജ്ഞാപനം ഹാജരാക്കുവാൻ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു. എന്നാൽ, വിജ്ഞാപനം കണ്ടെത്താനായില്ലെന്നും അതിനാൽ ഹാജാരക്കാനാകില്ലെന്നും സിബിഐസി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ പുസ്തകം ഇറക്കുമതി ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. സാഹചര്യങ്ങളുടെ വെളിച്ചത്തിൽ അങ്ങനെയൊരു വിജ്ഞാപനം നിലവിലില്ലെന്ന് അനുമാനിക്കയല്ലാതെ മറ്റ് മാർഗമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.