കെ സുധാകരൻ | PHOTO: PTI
കെ സുധാകരന്റെ അറസ്റ്റ് 21 വരെ തടഞ്ഞ് ഹൈക്കോടതി
മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരനെ 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. 21 ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതു വരെയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.
ആരോപണം രാഷ്ട്രീയപ്രേരിതം
ഈ മാസം 14 ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ അറിയിച്ചു. തുടര്‍ന്ന് 23 ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ വീണ്ടും നോട്ടീസ് നല്‍കി. ഇതിനു പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന്‍ കോടതിയെ സമീപിച്ചത്.
കേസില്‍ സുധാകരനെതിരെ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. എഫ്‌ഐആറില്‍ തനിക്കെതിരെ ആരോപണങ്ങളുണ്ടാകാതിരുന്നിട്ടും കേസില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ 19 മാസത്തിനുശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
തെളിവുകളില്‍ ഉറച്ച് ക്രൈംബ്രാഞ്ച്
2021 സെപ്തംബര്‍ 23 നാണ് പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പരാതിക്കാരനായ അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ട്. അനൂപ് പണം നല്‍കിയത് 2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.
അനൂപും മോന്‍സണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോന്‍സന് നല്‍കി. അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ എണ്ണുന്ന മോന്‍സന്റെ ജീവനക്കാരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെന്നാണ് വിവരം.
പുരാവസ്തു വില്‍പ്പനക്കാരനെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായത്. ആ ഘട്ടത്തില്‍ കെ സുധാകരനൊപ്പമുള്ള മോന്‍സന്റെ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.