
ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളണം; കേന്ദ്രത്തോട് ഹൈക്കോടതി
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍ പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ഹൈക്കോടതി.
ഈ വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചാലേ വായ്പകള്‍ എഴുതി തള്ളാനാകൂ. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല.
വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോടതി ഇന്ന് കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞു. അത് ബാങ്കുകള്‍ കൈക്കൊള്ളേണ്ട നയപരമായ തീരുമാനം ആണെന്നും അവരെ അതിന് നിര്‍ബന്ധിക്കാനാകില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.
12 ബാങ്കുകളിലായി 320 കോടി രൂപയുടെ വായ്പകളാണ് ദുരന്തബാധിതരുടേതായി ഉള്ളത്. കേരള ബാങ്ക് ദുരന്തബാധിതരുടെ വായ്പകള്‍ മാസങ്ങള്‍ക്ക് മുമ്പ് എഴുതിത്തള്ളിയിരുന്നു. ഇക്കാര്യം കോടതി ചൂണ്ടിക്കാണിച്ചു.
കോവിഡ് കാലത്ത് വായ്പകള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ അത് നിരാകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ പറഞ്ഞു. എന്നാല്‍, ഉരുള്‍ പൊട്ടല്‍ ദുരന്തത്തെ കോവിഡുമായി താരതമ്യം ചെയ്യരുതെന്ന് കോടതി പറഞ്ഞു. കോവിഡ് കാലത്ത് തല്‍ക്കാലത്തേക്ക് വരുമാനം നിലച്ചുവെന്നേ പറയാനാകൂവെന്നും ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ജീവനോപാധികള്‍ എന്നന്നേക്കുമായി നഷ്ടപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതിനാല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് ഹൈക്കോടതി പറഞ്ഞു.