TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

രാജ്യത്തെ ഉന്നതവിദ്യാഭ്യാസം; മുസ്ലിം വിദ്യാർത്ഥികളുടെ പ്രാതിനിധ്യത്തിൽ 8% കുറവ്

30 May 2023   |   3 min Read
TMJ News Desk

ന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥികളുടെ പ്രാതിനിധ്യത്തിൽ 8% കുറവുണ്ടായി. 2020-21 വർഷത്തെ ദേശീയ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ നടത്തിയ സർവേയിലാണ് കണ്ടെത്തൽ. പട്ടിക ജാതി, പട്ടിക വർഗ മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ, മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു.

2020-21 ഓൾ ഇന്ത്യ എഡ്യുക്കേഷൻ സർവേ പ്രകാരം, ഉന്നതവിദ്യാഭ്യാസത്തിൽ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) പ്രവേശനം യഥാക്രമം 4.2%, 11.9%, 4% എന്ന നിലയിൽ മെച്ചപ്പെട്ടപ്പോൾ, 2019-20 നെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥി പ്രവേശനം 8% കുറഞ്ഞു. ഏകദേശം 1,79,000 വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിനു കാരണമായി അപ്രതീക്ഷിതമായുണ്ടായ കോവിഡ്-19 വ്യാപനം പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം, സാമ്പത്തിക പ്രതിസന്ധിയിലായ വിദ്യാർത്ഥികൾ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബിരുദ പ്രവേശനം നേടാതെ ജോലി തേടാൻ പ്രേരിതരാകുന്നുവെന്നും വിദഗ്ധർ പരാമർശിച്ചു.

ഇടിവ് രേഖപ്പെടുത്തി യുപി, കേളത്തിൽ വർധനവ്

മുസ്ലിം വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. 36 ശതമാനം. ജമ്മു കശ്മീർ (26%), മഹാരാഷ്ട്ര (8.5%), തമിഴ്‌നാട് (8.1%) എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. അതേസമയം, ഡൽഹിയിലെ മുസ്ലിം വിദ്യാർത്ഥികളിൽ അഞ്ചിൽ ഒരാൾ വീതം ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നില്ലെന്നും പഠനം വെളിപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ച് ഏറെ ചർച്ച ചെയ്ത ആം ആദ്മി പാർട്ടിയുടെ  നേട്ടങ്ങളെ കുറച്ചുകാട്ടുന്നതാണ് ഈ കണ്ടെത്തൽ.

മുസ്ലിം ജനസംഖ്യയുടെ 20% വരുന്ന ഉത്തർപ്രദേശിൽ, ഉന്നത വിദ്യാഭ്യാസത്തിനുള്ള മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥി പ്രവേശനം വെറും 4.5% മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ വർഷം സംസ്ഥാനത്ത് കോളേജുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പുതിയ സർവേ ഫലം പുറത്തുവന്നത്. സർവേപ്രകാരം കൂടുതൽ മുസ്ലിം വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസം നേടുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് 43% വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശിച്ചിട്ടുണ്ട്.  

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം പ്രവേശനത്തിന്റെ 36% ഒബിസി വിഭാഗത്തിലെ വിദ്യാർത്ഥികളും 14% പട്ടികജാതി വിദ്യാർത്ഥികളുമാണ്. സർവ്വകലാശാലകളിലെയും കോളേജുകളിലെയും ഏകദേശം 50% സീറ്റുകളും രണ്ട് സമുദായങ്ങളിലെ വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നു. എന്നാൽ, രാജ്യത്തെ ജനസംഖ്യയിൽ മുസ്ലിം വിഭാഗം 14 ശതമാനത്തിലധികമാണെങ്കിലും ഉന്നതവിദ്യാഭ്യാസ പ്രവേശനം 4.6% മാത്രമാണുള്ളത്.

സ്ത്രീ പ്രാതിനിധ്യത്തിൽ വർധവ്  

ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർത്ഥികളെ അപേക്ഷിച്ച് വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി റിപ്പോർട്ടിൽ പരാമർശിച്ചു. ഇതിലൂടെ വിദ്യാഭ്യാസത്തിൽ സ്ത്രീ പ്രാതിനിധ്യം വർധിക്കുന്നതായും എന്നാൽ ചെറുപ്രായത്തിലെ ഉപജീവന മാർഗം കണ്ടെത്താൻ പുരുഷ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നെന്നും പഠനം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥികൾ പിന്നോട്ടു പോകുന്നതിലൂടെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലിം അദ്ധ്യാപകരുടെ സാന്നിദ്ധ്യം കുറയാനും കാരണമാകുന്നു. അഖിലേന്ത്യാ തലത്തിൽ, പൊതുവിഭാഗത്തിൽപ്പെട്ട അധ്യാപകരാണ് മൊത്തം അധ്യാപകരിൽ 56%. ഒബിസി, എസ്‌സി, എസ്ടി അധ്യാപകർ യഥാക്രമം 32%, 9% 2.5% എന്നിങ്ങനെയാണ്. മുസ്ലീം അധ്യാപകർ 5.6% മാത്രമാണ്.

ലിംഗഭേദമനുസരിച്ച്, 100 പുരുഷ അധ്യാപകർക്ക് 75 വനിതാ അധ്യാപകരുണ്ട്. അധ്യാപനത്തിലും ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വനിതാ അധ്യാപികമാർ മുസ്ലീം സമുദായ അധ്യാപികമാരേക്കാൾ എണ്ണത്തിൽ കൂടുതലുണ്ട്. 71% വനിതാ ഒബിസി അധ്യാപകരും 75% വനിതാ എസ്ടി അധ്യാപകരും ഉള്ളപ്പോൾ, 100 പുരുഷ മുസ്ലീം അധ്യാപകർക്ക് 59 വനിതാ മുസ്ലീം അധ്യാപകരാണുള്ളത്. അതുപോലെ, മറ്റ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള അനധ്യാപക ജീവനക്കാരിൽ 100 പുരുഷന്മാർക്ക് 85 സ്ത്രീ ജീവനക്കാർ ഉള്ളപ്പോൾ മുസ്ലിം വിഭാഗത്തിലെ 100 പുരുഷന്മാർക്ക് 34 സ്ത്രീകൾ മാത്രമാണുള്ളതെന്ന് സർവേഫലം വ്യക്തമാക്കി. സർവേ പ്രകാരം, ഉന്നത വിദ്യാഭ്യാസത്തിനായി ആകെ 4,13,80,71 സീറ്റുകളാണുള്ളത്. ഏകദേശം 91 ലക്ഷം വിദ്യാർത്ഥികൾ സർവകലാശാലകളിലും കോളേജുകളിലുമായി പ്രവേശനം നേടിയിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ 48.67% രേഖപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ പ്രവേശനം 51.33% ആണ്.

ഉന്നത വിദ്യാഭ്യാസം നേടുന്ന മുസ്ലിം വിദ്യാർത്ഥികൾക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് ന്യൂനപക്ഷകാര്യ മന്ത്രാലയം റദ്ദാക്കി അഞ്ച് മാസത്തിന് ശേഷമാണ് സർവേയുടെ കണ്ടെത്തലുകൾ. കൂടാതെ, കർണാടകയിലെ മുൻ ബിജെപി സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുസ്ലിം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന 4% സംവരണം എടുത്തുകളഞ്ഞിരുന്നു.

മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കി കേന്ദ്ര ഗവൺമെന്റ്

ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർക്ക് യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷൻ (U.G.C) നൽകിയിരുന്ന മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF) കേന്ദ്ര ഗവൺമെന്റ് റദ്ദാക്കി. 2022 ഡിസംബറിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി 2022-23 വർഷം മുതൽ MANF നിർത്തലാക്കിയെന്ന് ലോക്‌സഭയിൽ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വിവിധ ഫെല്ലോഷിപ്പുകളിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവസരമുള്ളതിനാലും MANF മറ്റുചില പദ്ധതികളുടെ പരിധിയിൽ വരുന്നതിനാലുമാണ് ഫെല്ലോഷിപ്പ് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് യൂണിയൻ ഗവൺമെന്റ്  അറിയിച്ചു. എന്നാൽ ഈ വാദത്തെ ഫെലോഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ പൂർണമായും തള്ളിക്കളയുകയാണ് ചെയ്യുന്നത്. സച്ചാർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി യുപിഎ സർക്കാർ ആരംഭിച്ച പദ്ധതിയാണ് MANF. മുസ്ലിംങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, പാഴ്സികൾ, ബുദ്ധമതക്കാർ, ജൈനന്മാർ എന്നിവരുൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന അഞ്ച് വർഷത്തെ ഫെലോഷിപ്പായിരുന്നു. ആദ്യകാലങ്ങളിൽ ഗവേഷണം തുടങ്ങിയതിനു ശേഷം ഗവേഷകർ MANF ഉൾപ്പെടെയുള്ള ഫെലോഷിപ്പുകൾക്ക്  NET നേടിയതിന് ശേഷം അപേക്ഷിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ രണ്ടുവർഷമായി നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ UGC നേരിട്ട് NFOBC, NFST,  MANF തുടങ്ങിയ ഫെലോഷിപ്പുകളിലേക്ക് ഗവേഷകരെ നേരിട്ട് പരിഗണിക്കുകയാണ് ചെയ്തിരുന്നത്.

2022-23 വാർഷിക ബജറ്റിൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനായുള്ള എസ്റ്റിമേറ്റിൽ 5020.50 കോടിരൂപയായിരുന്നു കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ 38% വെട്ടികുറച്ചുകൊണ്ട് ഈ വർഷം 3097 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഫെല്ലോഷിപ്പ് ലഭിക്കുന്ന കാലയളവിൽ ഗവേഷകർക്ക് മറ്റേതെങ്കിലും സ്‌റ്റൈപെന്റുകളോ ഓണറേറിയങ്ങളോ കൈപ്പറ്റാൻ സാധിക്കില്ല, അങ്ങനെ ചെയ്യുകയാണെങ്കിൽ ഫെലോഷിപ്പ് തുക തിരിച്ചടക്കേണ്ടി വരികയും ഫെലോഷിപ്പ് റദ്ദാവുകയും ചെയ്യും. ഇത്തരം സാഹചര്യം നിലനിൽക്കെയാണ് സ്മൃതി ഇറാനി ഫെലോഷിപ്പുകളുടെ ഓവർലാപ്പിംഗ് ആരോപിച്ചു MANF നിർത്തലാക്കിയത്.


#Daily
Leave a comment