REPRESENTATIVE IMAGE: PTI
കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തില്‍ ഇളവ്
കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇളവുനല്‍കി. സര്‍ക്കാര്‍ സര്‍വ്വീസുകളിലേക്കുള്ള മത്സര പരീക്ഷകളില്‍ ഹിജാബ് ധരിച്ചെത്തുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കര്‍ണാടകയില്‍ 2022 ല്‍ ബിജെപി സര്‍ക്കാരാണ് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഹിജാബ് നിരോധിച്ചുകൊണ്ട് ബിജെപി സര്‍ക്കാര്‍ നിയമ നിര്‍മ്മാണവും നടത്തിയിരുന്നു. അതു പിന്‍വലിക്കുന്നതിന് ഇനി ഭരണഘടനാപരമായ നടപടികള്‍ ആവശ്യമാണ്.
വ്യക്തിസ്വാതന്ത്ര്യം തടസപ്പെടുത്തല്‍
സ്‌കൂളുകളിലും കോളേജുകളിലും ഹിജാബും കാവിഷാളും ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ ധരിച്ച് പ്രവേശിക്കാന്‍ പാടില്ല എന്നാണ് 2022 ഫെബ്രുവരി അഞ്ചിന് കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. ഇതിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായത്. എന്നാല്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കുകയും യൂണിഫോം സംബന്ധിച്ച് കൃത്യമായ നിര്‍വചനമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വേഷം ധരിക്കരുത് എന്ന് വ്യക്തമാക്കുകയും ചെയ്തു. ഹര്‍ജിക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയില്‍ വാദം കേട്ട സുപ്രീംകോടതി രണ്ടംഗ ബെഞ്ച് വിഷയത്തില്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കാന്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. നിലവില്‍, അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിജാബ് നിരോധനം ഭാഗികമായി നീക്കി ഉത്തരവിറക്കിയിരിക്കുകയാണ്.
ഹിജാബ് നിരോധനം പിന്‍വലിക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയിരുന്നു. ഹിജാബിനു വിലക്കേര്‍പ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യം തടസപ്പെടുത്തുന്നതിന് തുല്യമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകര്‍ പറഞ്ഞു.