PHOTO: PTI
കനത്ത മഴയില്‍ ഹിമാചലില്‍ മരണം 74 ആയി; കോടികളുടെ നാശനഷ്ടം
ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും മരിച്ചവരുടെ എണ്ണം 74 ആയി. കാണാതായ 20 ഓളം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സമ്മര്‍ ഹില്ലില്‍ മണ്ണിനടിയില്‍ എട്ട് മൃതദേഹങ്ങള്‍ കൂടി ഉള്ളതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. പ്രളയം നാശംവിതച്ച ഹിമാചല്‍ പ്രദേശില്‍ ഈ ആഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ മാത്രം വ്യോമസേന ഇന്നലെ 220 ലധികം ആളുകളെ രക്ഷപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍ പ്രകാരം 1,762 വീടുകള്‍ പൂര്‍ണമായും 8,952 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജൂലൈ മുതല്‍ തുടരുന്ന മഴയില്‍ ഏതാണ്ട് 55 ദിവസത്തിനുള്ളില്‍ 113 ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഹിമാചല്‍ പ്രദേശില്‍ കൂടുതല്‍ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും തീരുമാനമായി. ഇതിലൂടെ സംസ്ഥാനത്തെ കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി അറിയുവാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും കഴിയുമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആസൂത്രണത്തിലെ പിഴവ്
രാജ്യത്തെ മലയോര മേഖലകളില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയാണ്. തെറ്റായ നഗരാസൂത്രണവും സമഗ്രമായ ഭൂവിനിയോഗ നയത്തിന്റെ അഭാവവും ഉള്‍പ്പെടെയുള്ള ആശങ്കള്‍ പങ്കുവയ്ക്കുന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ 2019 ലെ നിര്‍ദേശങ്ങളിലാണ് ഇവ എടുത്തുകാണിക്കുന്നത്.
ഹിമാചല്‍ പ്രദേശിലെ ഭൂപ്രകൃതിക്ക് അനുസൃതമല്ലാത്ത അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനമാണ് അടിക്കടി ഉണ്ടാകുന്ന മണ്ണൊലിപ്പിനും മിന്നല്‍ പ്രളയത്തിനും കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ ഏറ്റവും ശക്തമായ മഴയാണ് ഇത്തവണ ഹിമാചല്‍ പ്രദേശിനെ ദുരിതത്തിലാക്കിയത്.
10,000 കോടിയുടെ നാശനഷ്ടം
ഹിമാചല്‍ പ്രദേശിലെ പേമാരിയില്‍ പൊതുമരാമത്തു വകുപ്പിന് 2491 കോടിയുടെയും ദേശീയപാത അതോറിറ്റിക്ക് 1,000 കോടിയുടെയും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഷിംല സമ്മര്‍ ഹില്ലിലെ റെയില്‍വെ ട്രാക്കുകളുടെ ഒരു ഭാഗം ഒലിച്ചുപോയി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം വലിയ പ്രതിസന്ധിയാകും ഉയര്‍ത്തുക. ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 752 റോഡുകള്‍ അടച്ചിട്ടു. വിവിധയിടങ്ങളില്‍ വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
ഷിംലയിലെ സമ്മര്‍ ഹില്ലില്‍ ശിവക്ഷേത്രം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംഭവസമയം ക്ഷേത്രത്തില്‍ 50 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ക്ഷേത്രത്തില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം സംസ്ഥാന ദുരന്തനിവാരണ സേന, ഇന്തോ-തിബറ്റന്‍ പോലീസ് ഫോഴ്സ് എന്നിവരുമുണ്ട്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം എക്‌സ് (ട്വീറ്റ്) ചെയ്തു.
മേഘവിസ്‌ഫോടനം
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്‌ഫോടനം എന്ന് പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വലിയ മഴയുണ്ടാകുമ്പോള്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. ക്രമേണ ആ പ്രദേശം പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മണിക്കൂറില്‍ മൂന്നു മില്ലിലിറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍ അതിനെ മേഘവിസ്‌ഫോടനമായി കണക്കാക്കാം.
വലിപ്പമേറിയ മേഘങ്ങളായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ് മേഘവിസ്‌ഫോടനം ഉണ്ടാക്കുന്നത്. എന്നാല്‍ എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘവിസ്‌ഫോടനം ഉണ്ടാക്കുന്നില്ല. ഈര്‍പ്പം നിറഞ്ഞ വായുപ്രവാഹം ഭൗമോപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിന്റെ മുകള്‍ തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘവിസ്‌ഫോടനം ഉണ്ടാക്കുന്നത്.