
ഹിമാനി നര്‍വാല്‍ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. റോത്തക്കില്‍ സ്യൂട്ട്‌കേസിലാണ് ഹിമാനിയുടെ മൃതദേഹം മാര്‍ച്ച് 1ന് കണ്ടെത്തിയത്. അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
ഒരാളെ അറസ്റ്റ് ചെയ്തുവെന്നും അന്വേഷണം തുടരുന്നുവെന്നും ഒരു ഹരിയാന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നത് വരെ മൃതദേഹം സംസ്‌കരിക്കുകയില്ലെന്ന് ഹിമാനിയുടെ കുടുംബം പറഞ്ഞിരുന്നു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സജീവമായി പങ്കെടുത്തിട്ടുള്ള ഹിമാനി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. നിയമവിദ്യാര്‍ത്ഥിനി കൂടിയായിരുന്നു അവര്‍.
ചെറിയ കാലത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ ഹിമാനി വളര്‍ന്നതില്‍ ചില നേതാക്കള്‍ക്ക് അസൂയ ഉണ്ടായിരുന്നുവെന്ന് ഹിമാനിയുടെ അമ്മ സവിത പറഞ്ഞു. ഫെബ്രുവരി 27നാണ് സവിത ഹിമാനിയുമായി അവസാനമായി സംസാരിച്ചത്. അടുത്ത ദിവസം ഒരു പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് തിരക്കായിരിക്കുമെന്ന് ഹിമാനി പറഞ്ഞിരുന്നുവെന്ന് സവിത വെളിപ്പെടുത്തി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും അവര്‍ പറഞ്ഞു.
ഒന്നുകില്‍ പാര്‍ട്ടിയില്‍ നിന്നൊരാള്‍ അല്ലെങ്കില്‍ ബന്ധുവാകും കൊലപാതകം നടത്തിയതെന്നും അവര്‍ പറഞ്ഞു.