മറ്റൊരു 'വമ്പൻ' റിപ്പോർട്ടിന്റെ സൂചനയുമായി ഹിൻഡൻബർഗ്
ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിനെ ഏതാണ്ട് മുട്ടു കുതിച്ച ഹിൻഡൻബർഗ് റിസർച്ച് മറ്റൊരു 'വമ്പൻ' റിപ്പോർട്ടുമായി ഉടൻ പുറത്തുവരുമെന്ന സൂചന നൽകി.
"പുതിയ റിപ്പോർട്ട് ഉടൻ. മറ്റൊരു വമ്പൻ" വ്യഴാഴ്ച്ച ഒരു ട്വിറ്റർ സന്ദേശത്തിൽ അമേരിക്കയിലെ ധനകാര്യ ഗവേഷണ സ്ഥാപനവും ഷോർട് സെല്ലറുമായ ഹിൻഡൻബർഗ് വെളിപ്പെടുത്തി. എന്നാൽ ആരാണ് തങ്ങളുടെ ഇത്തവണത്തെ ലക്ഷ്യമെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
അമേരിക്കയിലെയും, യൂറോപ്പിലെയും ബാങ്കിങ്-ധന മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അമേരിക്കയിലെ ഒരു പ്രമുഖ ബാങ്കിങ് സ്ഥാപനമാവും ഇത്തവണ ഹിൻഡൻബർഗിന്റെ ലക്ഷ്യമെന്ന് അഭ്യൂഹങ്ങൾ നിരവധിയാണ്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഗൗതം അദാനിയുടെ സമ്പത്ത് 150 ബില്യൺ ഡോളറിൽ നിന്നും 53 ബില്യൺ ഡോളറായി കുറഞ്ഞു. ഓഹരി വിപണികളിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ വില കൂപ്പുകുത്തിയതാണ് ഈ വീഴ്ചയുടെ കാരണം. ഇക്കഴിഞ്ഞ ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. ലോകത്തിലെ അതിസമ്പന്നരായ 10 പേരുടെ പട്ടികയിൽ നിന്നും അതോടെ പുറത്തായ അദാനി ഇപ്പോൾ അതിസമ്പന്ന പട്ടികയിൽ 35 ലും താഴെയാണ്.
പുതിയ വമ്പൻ റിപ്പോർട്ട് ഇന്ത്യൻ കമ്പനികളെ പറ്റി ആണോ എന്നതിനെ പറ്റിയും റിപ്പോർട്ട് എപ്പോൾ പുറത്തുവരും എന്നതിനെക്കുറിച്ചും സ്ഥിരീകരണമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.