TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: സെബിക്ക് മൂന്നുമാസം കൂടി സമയം നൽകി സുപ്രീംകോടതി

17 May 2023   |   2 min Read
TMJ News Desk

ദാനി- ഹിന്‍ഡന്‍ബര്‍ഗ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഓഹരി വിപണിയുടെ  മേൽനോട്ട-നിയന്ത്രണ ഏജന്‍സിയായ സെബിക്ക് മൂന്നുമാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. ആഗസ്റ്റ് 14 നുള്ളില്‍ സെബി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകും. അന്വേഷണത്തിന് ആറുമാസം കൂടി സമയം വേണമെന്നായിരുന്നു സെബിയുടെ നിലപാട്. എന്നാല്‍, സുപ്രീംകോടതി അത് അംഗീകരിച്ചില്ല.

അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. ഇതോടൊപ്പം അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് നിര്‍ദേശിച്ചിരുന്നു. ജൂലൈ 11 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പി.എസ് നരസിംഹ, ജെബി പാര്‍ഡിവാല എന്നിവരും കേസ് പരിഗണിച്ച ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നു.

വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ കക്ഷികളെ പ്രാപ്തരാക്കുന്നതിന് സമര്‍പ്പിച്ച ജസ്റ്റിസ് എഎം സാപ്രെ കമ്മിറ്റി റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു. വിരമിച്ച ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജെപി ദേവധര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒപി ഭട്ട്, മുന്‍ ഐസിഐസിഐ ബാങ്ക് എന്നിവരുള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ആറുമാസം അനുവദനീയമല്ല

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജികളിലെ പരാമര്‍ശങ്ങളനുസരിച്ച്  2016 മുതലുള്ള അദാനി ഗ്രൂപ്പ് കമ്പനികളെക്കുറിച്ച്  അന്വേഷണം നടത്തിയിട്ടില്ലെന്ന് സെബി കോടതിയെ അറിയിക്കുകയുണ്ടായി. പിന്നീട് രണ്ടു ദിവസത്തിനുശേഷമാണ് സുപ്രീംകോടതി സമയം നീട്ടി നല്‍കിയത്. എതിര്‍ സത്യവാങ്മൂലത്തില്‍ ഹര്‍ജിക്കാരുടെ വാദത്തിന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രശ്‌നങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്നു.

അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സെബി ആവശ്യപ്പെട്ട ആറുമാസത്തെ സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കി. വ്യവസായ പ്രമുഖനായ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കമ്പനികള്‍ വന്‍തോതിലുള്ള സ്‌റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും നടത്തിയെന്ന് യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയിടിഞ്ഞ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണത്തിനാണ് മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി ഉത്തരവിട്ടത്.

അന്വേഷണത്തിന്റെ ഭാഗമായി ഒന്നിലധികം അന്തര്‍ദേശീയ, ആഭ്യന്തര ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. പത്തുവര്‍ഷത്തിലേറെയായി നടത്തിയ ഇടപാടുകള്‍ വേണ്ടിവന്നാല്‍ പരിശോധിക്കേണ്ടിവരും. ഇതിനു ഒരുപാട് വെല്ലുവിളികള്‍ നേരിടുമെന്ന് ചൂണ്ടിക്കാട്ടിയാണ് സെബി സമയം നീട്ടി ചോദിച്ചത്. മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകള്‍ റിലേറ്റഡ് പാര്‍ട്ടി ഇടപാട് നിയമം ലംഘിക്കുന്നുണ്ടോ എന്നതാണ് സെബി പ്രധാനമായും പരിശോധിക്കുന്നത്. ഈ മൂന്നു സ്ഥാപനങ്ങള്‍ക്കും ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുമായി ബന്ധമുണ്ട്.  

ജനുവരി 24 നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ ഉയർത്തുവാൻ വേണ്ടി വ്യാപകമായ കൃത്രിമങ്ങളും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 413 പേജുള്ള മറുപടി പ്രസിദ്ധീകരിച്ചുകൊണ്ട് അദാനി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിച്ചു. റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഒരുഘട്ടത്തില്‍ അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യത്തില്‍ ഏകദേശം 11,48,000 കോടി രൂപയുടെ ഇടിവുണ്ടായി.

2023 മാര്‍ച്ച് രണ്ടിന് സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിക്കുകയും രണ്ടുമാസത്തിനകം അദാനി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മെയ് ആദ്യവാരം സമയപരിധി അവസാനിക്കാറായതോടെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തേക്കുകൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സെബി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.


#Daily
Leave a comment