TMJ
searchnav-menu
post-thumbnail

ഹിൻഡൻബർഗ് റിസർച്ചിൻ്റെ സ്ഥാപകന്‍ നഥാൻ ആൻഡേഴ്സൺ

TMJ Daily

അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് പുറത്ത് വിട്ട ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചു

16 Jan 2025   |   1 min Read
TMJ News Desk

യുഎസ് നിക്ഷേപക സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സ്ഥാപനം കൈകാര്യം ചെയ്തിരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്‌സണ്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന വിവരം അറിയിച്ചു കൊണ്ട് പറഞ്ഞു.

2017ല്‍ സ്ഥാപിതമായ ഹിന്‍ഡന്‍ബര്‍ഗില്‍ പത്തോളം ജീവനക്കാര്‍ ഉണ്ട്. കോർപ്പറേറ്റുകൾ ചെയ്യുന്ന കൊള്ളരുതായമകൾ കണ്ടെത്തുന്ന സ്ഥാപനമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹിന്‍ഡന്‍ബര്‍ഗ്, അനവധി കമ്പനികളെ അവരുടെ തെറ്റുകള്‍ അല്ലെങ്കില്‍ ക്രമക്കേടുകള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്.

ഷോര്‍ട്ട് സെല്ലറായ കമ്പനിയുടെ വെളിപ്പെടുത്തലുകള്‍ കമ്പനികളുടെ വിപണി മൂല്യങ്ങളില്‍ കോടിക്കണക്കിന് ഡോളറുകള്‍ ഇടിവ് വരുത്തി. കോര്‍പറേറ്റ് തട്ടിപ്പ് ആരോപണം ഉന്നയിച്ച് അദാനി ഗ്രൂപ്പിനെതിരെയും ഹിന്‍ഡന്‍ബര്‍ഗ് രംഗത്ത് വന്നിരുന്നു. 2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ അദാനി ഗ്രൂപ്പിന് 150 ബില്ല്യണ്‍ ഡോളര്‍ നഷ്ടമായിരുന്നു.

കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചു എന്ന വാർത്തയെ തുടർന്ന് ഇന്ന് രാവിലെ ഓഹരി വിപണിയിൽ അദാനിയുടെ കമ്പനികളുടെ ഓഹരി വില വർദ്ധിച്ചു.

ടെലക്ട്രിക് ട്രക്ക് നിര്‍മ്മാതാക്കളായി നിക്കോളയ്‌ക്കെതിരെ ആയിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ഏറ്റവും വലിയ വിജയം. നിക്കോള കമ്പനിയുടെ സാങ്കേതികവിദ്യയെക്കുറിച്ച് നുണ പറയുന്നുവെന്ന് 2020-ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരുന്നു. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് നിക്കോള 125 മില്ല്യണ്‍ യുഎസ് ഡോളര്‍ അടയ്‌ക്കേണ്ടി വന്നു. കമ്പനിയുടെ ഓഹരിയുടമകളെ തെറ്റിദ്ധരിപ്പിച്ചതിന് സ്ഥാപകനായ ട്രവര്‍ മില്‍ട്ടണ്‍ ക്രിമിനല്‍ കുറ്റം ചെയ്തുവെന്നും കണ്ടെത്തി.

തങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആയിരുന്നു പദ്ധതിയെന്ന് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അവസാനത്തെ പൊന്‍സി കേസുകളെ കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയെന്നും വിവരങ്ങള്‍ റെഗുലേറ്റര്‍മാര്‍ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

കോടീശ്വരന്‍മാരും പ്രഭുക്കന്‍മാരും അടക്കം 100 ഓളം പേര്‍ക്കെതിരെ നിയമനടപടി റെഗുലേറ്റര്‍മാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആന്‍ഡേഴ്‌സണ്‍ പറയുന്നു.

'ഒരു പിടിച്ചുകുലുക്കല്‍ ആവശ്യമാണെന്ന് ഞങ്ങള്‍ കരുതിയ ചില സാമ്രാജ്യങ്ങളെ ഞങ്ങള്‍ കുലുക്കി,' അദ്ദേഹം പറഞ്ഞു.

അടുത്ത ആറ് മാസങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ പ്രവര്‍ത്തന രീതിയും എങ്ങനെ അന്വേഷണങ്ങള്‍ നടത്തിയെന്നുമുള്ള രേഖകളും വീഡിയോകളും പുറത്ത് വിടാന്‍ പദ്ധതിയിടുന്നുവെന്ന് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തി.



#Daily
Leave a comment