.jpg)
ഇന്ത്യന്‍ ഓഹരി വിപണിയെ ആശങ്കയിലാക്കി ഹിന്‍ഡന്‍ബര്‍ഗ്
ഹിഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ക്കു പിന്നാലെ ഓഹരിവിപണി നഷ്ടത്തില്‍. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തില്‍ ഏഴ് ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. സെന്‍സെക്‌സില്‍ 400 പോയന്റ് നഷ്ടമാണ് ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ത്തന്നെ രേഖപ്പെടുത്തിയത്. നിഫ്റ്റി ഇടിഞ്ഞ് 24300 പോയന്റിന് താഴെയെത്തിയിരുന്നു. വിപണി ആരംഭിച്ച് 30 മിനിറ്റിനകം തന്നെ അദാനി ടോട്ടല്‍ ഗ്യാസ് 4.77 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 2.62 ശതമാനം, അദാനി എന്‍ജി 2.5 ശതമാനം, അദാനി എന്റര്‍പ്രൈസ് 2.44 ശതമാനം, അദാനി പവര്‍ 3.39 ശതമാനം, അദാനി വില്‍മര്‍ 3.25 ശതമാനം എന്നിങ്ങനെയും അദാനി പോര്‍ട്ട്‌സ് 1.55 ശതമാനവും ഇടിഞ്ഞു.
വിദേശ ഫണ്ടുകള്‍ വാരത്തിന്റെ തുടക്കത്തില്‍ 406 കോടി രൂപയുടെ നിക്ഷേപത്തിന് താല്‍പര്യം കാണിക്കുകയും പിന്നീട് അവര്‍ വില്‍പ്പനക്കാരായി 19,546.48 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. ഈ അവസരത്തില്‍ വിപണിയെ താങ്ങി നിര്‍ത്താന്‍ ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ 20,871 കോടി രൂപയുടെ നിക്ഷേപത്തിന് മത്സരിച്ചു. ഇത്ര ശക്തമായ വാങ്ങല്‍ ആഭ്യന്തര ഫണ്ടുകളുടെ ഭാഗത്ത് അപൂര്‍വമാണ്. ഒരു പരിധി വരെ സൂചികയുടെ വന്‍ തകര്‍ച്ചയെ തടയാന്‍ നടത്തിയ നീക്കമായും ഇതിനെ വീക്ഷിക്കാവുന്നതാണ്. വില്‍പ്പന തരംഗത്തില്‍ സൂചിക 80,981 ല്‍ നിന്നും 78,353 ലേയ്ക്ക് ഇടിഞ്ഞു. എന്നാല്‍ പിന്നീട് വിപണി 79,676 ലേക്കായി മെച്ചപ്പെട്ട് വാരാന്ത്യ ക്ലോസിങാണ് നടന്നത്. തകര്‍ച്ചയോടെ വ്യാപാരം തുടങ്ങിയ നിഫ്റ്റി വിദേശ ഫണ്ടുകളുടെ ശക്തമായ വില്‍പ്പനയെ തുടര്‍ന്ന് 24,717ല്‍ നിന്നും സൂചിക 23,895 ലേയ്ക്ക് നീങ്ങുകയായിരുന്നു.
ആവര്‍ത്തിക്കുന്ന ആരോപണം
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിപണിയെ മൊത്തത്തില്‍ പിടിച്ച് ഉലച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളുടെ വിപണി മൂല്യം 86 ബില്യണ്‍ ഡോളര്‍ തകര്‍ന്നു. ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും പുതിയ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്ത് വിട്ടിരിക്കുകയാണ്. അദാനിയുമായി ബന്ധമുള്ള വിദേശ കമ്പനികളില്‍ സെബി ചെയര്‍ പേഴ്‌സണ്‍ മാധബ് പുരി ബുച്ച്, അവരുടെ ഭര്‍ത്താവ് ധവാല്‍ ബുച്ച് എന്നിവര്‍ക്ക് രഹസ്യമായി ഓഹരി നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. എന്നാല്‍ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് അദാനി ഗ്രൂപ്പും മാധബ് പുരി ബുച്ചും.