TMJ
searchnav-menu
post-thumbnail

TMJ Daily

ഹിന്ദു കുടുംബങ്ങളില്‍ 3 കുട്ടികള്‍ വേണം: വിഎച്ച്പി

25 Jan 2025   |   1 min Read
TMJ News Desk

ഹിന്ദു സമൂഹത്തിലെ ജനന നിരക്ക് കുറയുന്നതിനുള്ള പ്രധാന കാരണം സമൂഹത്തിലെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥയാണെന്ന് സംഘപരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷദ് (വിഎച്ച്പി) പറഞ്ഞു. അതിനാല്‍, ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പിനെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വ നിര്‍വഹണത്തിനായി കുറഞ്ഞത് മൂന്ന് കുട്ടികള്‍ ഹിന്ദു കുടുംബങ്ങളില്‍ വേണമെന്ന് വിഎച്ച്പി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ പ്രയാഗ് രാജ് ജില്ലയില്‍ കുംഭമേളയ്ക്കിടെ നടന്ന കേന്ദ്രീയ മാര്‍ഗദര്‍ശക് മണ്ഡലിന്റെ ദ്വിദിന യോഗത്തിനുശേഷം വിഎച്ച്പി പുറത്തിറക്കിയ പ്രസ്താവനയിലാണിതുള്ളത്. വിഎച്ച്പി പ്രസിഡന്റ് അലോക് കുമാര്‍, കേന്ദ്ര ജനറല്‍ സെക്രട്ടറി ബജ്‌റംഗ ലാല്‍ ബാഗ്ദ തുടങ്ങിയവരും ഹിന്ദു സന്യാസിമാരും സമ്മേളനത്തില്‍ പങ്കെടുത്തു.

ക്ഷേത്രങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന്റെ പക്കല്‍നിന്നും നീക്കം ചെയ്ത് ഭക്തര്‍ക്ക് നല്‍കണമെന്ന് വിഎച്ച്പി വക്താവായ വിനോദ് ബന്‍സല്‍ ആവശ്യപ്പെട്ടു. ജനസംഖ്യയെ സന്തുലിതമാക്കാന്‍ ഹിന്ദു സമൂഹത്തിലെ ജനനനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് മാര്‍ഗദര്‍ശക് മണ്ഡലില്‍ പങ്കെടുത്ത സന്യാസിമാര്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വഖഫ് ബോര്‍ഡ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളെ വിഎച്ച്പിയുടെ കേന്ദ്ര മാര്‍ഗദര്‍ശക് ബോര്‍ഡ് സ്വാഗതം ചെയ്തു. ഈ ബില്‍ പാസാക്കുന്നതിന് എല്ലാ പാര്‍ട്ടികളിലേയും എംപിമാര്‍ സഹകരിക്കണമെന്നും വക്താവ് ആവശ്യപ്പെട്ടു.



#Daily
Leave a comment