
ചരിത്രനിമിഷം: ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് ഐഎസ്ആർഒ. ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റായ എൽവിഎം–3 (LVM3) എം6 ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഇതുവരെ ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് ഭ്രമണപഥത്തിലെത്തിച്ചത്. ‘ബാഹുബലി’ എന്നറിയപ്പെടുന്ന എൽവിഎം–3, അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്–2 (ബ്ലൂബേർഡ്–6) ഉപഗ്രഹമാണ് ബഹിരാകാശത്തെത്തിച്ചത്. എൽവിഎം ത്രീയുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. തുടക്കത്തിൽ 90 സെക്കൻഡ് വൈകിയാണ് ലിഫ്റ്റ് ഓഫ് നടത്തിയത്. റോക്കറ്റിന്റെ പാതയിൽ മറ്റ് ഉപഗ്രഹങ്ങളുമായോ അവശിഷ്ടങ്ങളുമായോ കൂട്ടിയിടിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വിക്ഷേപണം വൈകിപ്പിച്ചതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ഏകദേശം 15 മിനിറ്റ് നീണ്ട ദൗത്യത്തിനുശേഷം 6.5 ടൺ ഭാരമുള്ള ബ്ലൂബേർഡ് ഉപഗ്രഹം ഭൂമിയിൽ നിന്ന് ഏകദേശം 520 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി. ഇത്രയും കുറഞ്ഞ ഇടവേളയിൽ എൽവിഎം–3 ദൗത്യങ്ങൾ നടത്തുന്നതും ഇതാദ്യമായാണ്.
പ്രത്യേക ഉപകരണങ്ങളോ ഗ്രൗണ്ട് ടവറുകളോ ഇല്ലാതെ, ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുകയാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവന മേഖലയിലെ വലിയ മുന്നേറ്റമായാണ് ദൗത്യം വിലയിരുത്തപ്പെടുന്നത്.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (NSIL) എഎസ്ടി സ്പേസ് മൊബൈലും തമ്മിലുള്ള വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ഈ വിക്ഷേപണം. ഇന്ത്യയുടെ വിക്ഷേപണ ശേഷിയും ആഗോള വാണിജ്യ ബഹിരാകാശ രംഗത്തെ വിശ്വാസ്യതയും ഒരിക്കൽക്കൂടി ഉറപ്പിക്കുന്ന ദൗത്യമായി ഇതിനെ വിലയിരുത്തുന്നു.


