TMJ
searchnav-menu
post-thumbnail

TMJ Daily

ചരിത്രമെഴുതി സാറ മക്‌ബ്രൈഡ്; യുഎസ് കോണ്‍ഗ്രസിലെ ആദ്യ ട്രാന്‍സ് അംഗം

07 Nov 2024   |   1 min Read
TMJ News Desk

യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എന്ന ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സാറ മക്‌ബ്രൈഡ് എന്ന മുപ്പത്തിനാലുകാരി. ഡെലവെയറില്‍ നിന്നുള്ള സംസ്ഥാന സെനറ്ററായ സാറാ മക്ബ്രൈഡ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ വാലെനെ പരാജയപ്പെടുത്തി, ജനപ്രതിനിധിസഭയിലെ ഡെലവെയറിലെ ഏക സീറ്റില്‍ വിജയിച്ചാണ് യു എസ് കോണ്‍ഗ്രസ് അംഗമായത്.

വൈറ്റ് ഹൗസില്‍ ഇന്റേണ്‍ ചെയ്ത ആദ്യത്തെ ട്രാന്‍സ് വ്യക്തിയാണ് സാറാ മക്ബ്രൈഡ്,  യുഎസ്സിലെ ഒരു ദേശീയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ആദ്യമായി സംസാരിച്ചതും - 2020 ല്‍ - അമേരിക്കയിലെ സ്റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ട്രാന്‍സ് വ്യക്തിയും സാറാ മക്‌ബ്രൈഡ് ആയിരുന്നു.

വില്‍മിംഗ്ടണില്‍ ജനിച്ചു വളര്‍ന്ന സാറാ മക്ബ്രൈഡ് 21-ാം വയസ്സിലാണ് താന്‍ ട്രാന്‍സ് വനിതയാണ് എന്ന് പ്രഖ്യാപിച്ചത്. പഠിച്ചിരുന്ന യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ പത്രത്തിലും ഫേസ്ബുക്ക് പോസ്റ്റിലും ആണ് ഈ പ്രഖ്യാപനം നടത്തിയത്. ആ പ്രഖ്യാപനം അന്ന്  വൈറലായിരുന്നു. സാറയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ക്രേയും ട്രാന്‍സ് പേഴ്‌സണായിരുന്നു. എല്‍ജിബിടിക്യു ആക്ടിവിസ്റ്റുമായിരുന്ന ഇരുവരും തമ്മിലുള്ള വിവാഹം 2014 ലായിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ക്യാന്‍സര്‍ ബാധിതനായിരുന്ന ആന്‍ഡ്രൂ ക്രേ മരണമടഞ്ഞു.

എല്‍ജിബിടിക്യു അവകാശങ്ങള്‍ക്കായുള്ള പ്രസിഡന്റ് ജോ ബൈഡന്റ് പിന്തുണ രൂപപ്പെടുത്തിയതിന് പിന്നില്‍ സാറായുടെ ശക്തമായ ഇടപെടല്‍ ഉണ്ട്. സാറായുടെ ഓര്‍മ്മക്കുറിപ്പായ ടുമാറോ വില്‍ ബി ഡിഫറന്റ് എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് അദ്ദേഹമാണ്.

ഡെലവെയര്‍ അറ്റോണി ജനറലാകാനായി  2006 ല്‍ ജോ ബൈഡന്റെ മകന്‍ ബ്യൂ രംഗത്ത് വന്നപ്പോള്‍ ആ പ്രചാരണത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു സാറായുടെ രാഷ്ട്രീയ പ്രവേശം
ഡെലവെയറില്‍ 2013-ല്‍ ലിംഗ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ സജീവമായി പ്രവര്‍ത്തിച്ചപ്പോള്‍, ബ്യൂ ബൈഡന്‍ സാറായ്ക്ക്  ശക്തമായ പിന്തുണയേകിയിരുന്നു. 
''നന്ദി, ഡെലവെയര്‍! നിങ്ങളുടെ വോട്ടുകളും മൂല്യങ്ങളും കാരണം, നിങ്ങളുടെ കോണ്‍ഗ്രസിലെ അംഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു, ''അവര്‍ എക്സില്‍ എഴുതി.

'എല്‍ജിബിടിക്യു (LGBTQ) വ്യക്തിയെന്ന നിലയില്‍ ഞാന്‍ വ്യക്തിപരമായി തുല്യതയില്‍ വിശ്വസിക്കുന്നുണ്ടെന്ന്  ആളുകള്‍ക്ക് അറിയാമെന്ന് ഞാന്‍ കരുതുന്നു,' സാറാ മക്‌ബ്രൈഡ് സിബിഎസിനോട് പറഞ്ഞു. എന്നാല്‍ തന്റെ മുന്‍ഗണനകള്‍ താങ്ങാനാവുന്ന ശിശു സംരക്ഷണം, ശമ്പളത്തോടുകൂടിയ കുടുംബ, മെഡിക്കല്‍ അവധികള്‍, പാര്‍പ്പിടം, ആരോഗ്യ സംരക്ഷണം, ഗര്‍ഭധാരണം സംബന്ധിച്ച സ്വാതന്ത്ര്യം എന്നിവയായിരിക്കുമെന്ന് സാറാ മക്‌ബ്രൈഡ് വ്യക്തമാക്കി.



#Daily
Leave a comment