PHOTO: FLICKR
ഹിറ്റ്‌ലര്‍ ജനിച്ച വീട് ഇനി പൊലീസ് സ്റ്റേഷന്‍
അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ജന്മഗൃഹം പൊലീസ് സ്റ്റേഷനാക്കും. നാസി അനുകൂലികളുടെ സന്ദര്‍ശനം നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് സ്റ്റേഷനാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്. കൂടാതെ ജില്ലാ പൊലീസ് ആസ്ഥാനവും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മനുഷ്യാവകാശ പരിശീലനം നല്‍കാനുള്ള സെക്യൂരിറ്റി അക്കാദമിയും ഇവിടെ നിര്‍മ്മിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2026 ഓടെ പൂര്‍ത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് സ്റ്റേഷനാക്കുന്നതില്‍ എതിര്‍പ്പ്
കെട്ടിടം പൊലീസ് സ്റ്റേഷനാക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുകളും ഉയര്‍ന്നു വരുന്നുണ്ട്. ഓസ്ട്രിയയില്‍ ജര്‍മ്മന്‍ അതിര്‍ത്തിക്ക് സമീപമുള്ള ബ്രൗണാവുവില്‍ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിലെ മുകള്‍ നിലയിലെ വാടകമുറിയിലാണ് 1889 ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജനിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഹിറ്റ്‌ലര്‍ ഈ വസതിയില്‍ ചിലവഴിച്ചിട്ടുള്ളു. എന്നാല്‍ നാസി അനുഭാവമുള്ളവര്‍ ഹിറ്റ്‌ലറിന്റെ ജന്മഗൃഹം എന്ന നിലയില്‍ വളരെ പ്രാധാന്യത്തോടെയാണ് കെട്ടിടത്തെ കണ്ടത്. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിതമായ ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ ചരിത്രകാരന്മാരില്‍ നിന്നുള്‍പ്പെടെ എതിര്‍പ്പ് ഉയര്‍ന്നതോടെ ആ ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.
2019 ലാണ് കെട്ടിടത്തിന് മറ്റെന്തെങ്കിലും രീതിയില്‍ രൂപമാറ്റം വരുത്തണം എന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് വര്‍ഷങ്ങളോളം തര്‍ക്കം നിലനിന്നിരുന്നു. കെട്ടിടം വില്‍ക്കാന്‍ ഉടമസ്ഥ ജെര്‍ലിന്‍ഡ് പോമര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കെട്ടിടം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശം ഉണ്ടെന്ന് 2017 ല്‍ ഓസ്ട്രിയന്‍ കോടതി ഉത്തരവിടുകയായിരുന്നു. നഷ്ടപരിഹാരമായി പോമറിന് 720,000 യുറോ ലഭിച്ചു. കെട്ടിടം ദുരുപയോഗം ചെയ്യുന്നത് തടയാനായി 1972 മുതല്‍ ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം കെട്ടിടം വാടകയ്‌ക്കെടുത്ത് ഭിന്നശേഷിയുള്ളവര്‍ക്കുള്ള പുനരധിവാസ കേന്ദ്രമായി ഉപയോഗിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനു പകരം നാസി ഭീകരതയില്‍ നിന്നും ജൂതരെ രക്ഷിച്ചവരുടെ ഓര്‍മ്മയ്ക്കായുള്ള കേന്ദ്രം തുടങ്ങണം എന്നുള്ള ബദല്‍ നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്.